02/06/2026
[fontresizer_tawhidurrahmandear_widget]

വാട്ട്‌സ്ആപ്പിൽ ‘മീഡിയ ഹബ്ബ്’ വരുന്നു: ഫയൽ മാനേജ്‌മെന്റ് ഇനി കൂടുതൽ എളുപ്പം

 വാട്ട്‌സ്ആപ്പിൽ ‘മീഡിയ ഹബ്ബ്’ വരുന്നു: ഫയൽ മാനേജ്‌മെന്റ് ഇനി കൂടുതൽ എളുപ്പം

ന്യൂയോര്‍ക്ക്: മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് മാക്, വെബ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു. ‘മീഡിയ ഹബ്’ എന്ന് പേരിലാണ് ഉപയോക്താക്കള്‍ക്ക്, ഒന്നിലധികം ചാറ്റുകളിലായി പങ്കുവെച്ച ചിത്രങ്ങൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ തുടങ്ങിയ ഫയലുകൾ ഒരിടത്ത് കേന്ദ്രീകരിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനുമുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയ സെർച്ചിങ്, മാനേജ്‌മെൻ്റ് എന്നിവ ലളിതമാക്കുകയാണ് ഇതിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.

വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പ്/വെബ് ഇൻ്റർഫേസിൻ്റെ സൈഡ്ബാറിലാണ് മീഡിയ ഹബ് സ്ഥാപിച്ചിരിക്കുന്നത്. വിവിധ ചാറ്റുകളിൽ പങ്കുവെച്ച സമീപകാല ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെൻ്റുകൾ, ലിങ്കുകൾ എന്നിവയെല്ലാം ഇവിടെ ഒറ്റനോട്ടത്തിൽ കാണാൻ സാധിക്കും. ഫയലുകൾ എളുപ്പത്തിൽ കണ്ടെത്താനായി ബിൽറ്റ്ഇൻ സെർച്ച് ഓപ്ഷൻ ലഭ്യമാണ്. കൂടാതെ, അയച്ചയാളെ അടിസ്ഥാനമാക്കി ഫലങ്ങൾ ഫിൽട്ടർ ചെയ്യാനും ഇതിലൂടെ സാധിക്കും.

ഒന്നിലധികം ഫയലുകൾ ഒരേ സമയം തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യുക, ഫോർവേഡ് ചെയ്യുക, സ്റ്റാർ മാർക്ക് ചെയ്യുക തുടങ്ങിയ ബൾക്ക് പ്രവർത്തനങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ മീഡിയ ഹബ് സൗകര്യമൊരുക്കുന്നു.

നിലവിൽ, പരിമിത എണ്ണം ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. പരീക്ഷണം വിജയകരമായി പൂർത്തിയാകുന്ന മുറയ്ക്ക്, എല്ലാ ഉപയോക്താക്കളിലേക്കും ഫീച്ചർ ഉടൻ എത്തിക്കാനാണ് മെറ്റ പദ്ധതിയിടുന്നത്.

Also read: