‘വിജയന് കപ്പെടുക്കാൻ കൈ പൊങ്ങുന്നില്ലേ? ആ സൈക്കോ സെക്ഷ്വൽ പ്രഡേറ്ററുടെ അതിക്രമങ്ങൾ ചർച്ചയാക്കണ്ടേ?’: പിണറായിക്കും മാധ്യമങ്ങൾക്കുമെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: യുവ അഭിഭാഷക നൽകിയ ലൈംഗിക പീഡന പരാതിയെത്തുടർന്നാണ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ സുരേഷ് ബാബുവിനെ നീക്കിയതെന്ന വാർത്തകൾക്കിടെ, മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിക്കുള്ളിലെ ലൈംഗിക പീഡനങ്ങൾക്കെതിരെ സി.പി.എമ്മും ഇടതുപക്ഷ ബുദ്ധിജീവികളും ഇരട്ടത്താപ്പാണ് പുലർത്തുന്നതെന്നും, വിഷയം ചർച്ച ചെയ്യാൻ മാധ്യമങ്ങൾ മടിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
“എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ?, എന്തേ ‘അവളെ’ കാണാൻ ആർക്കും പോകണ്ടേ?, എന്തേ മാധ്യമക്കുപ്പായമിട്ട കമ്മി ജഡ്ജിമാർക്ക് ആ ‘സൈക്കോ സെക്ഷ്വൽ പ്രഡേറ്ററിന്റെ’ ലൈംഗിക അതിക്രമങ്ങൾ ചർച്ചയാക്കണ്ടേ?, വട്ടപ്പൊട്ടും പൂട്ടിയുമുള്ള ഇടതുപക്ഷ ഫെമിനിസ്റ്റുകൾക്ക് സ്ത്രീ അതിക്രമങ്ങളെപ്പറ്റി ഘനഘംഭീര കാവ്യം എഴുതണ്ടേ?” എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
മുൻപ് രാഷ്ട്രീയ എതിരാളികൾക്കെതിരെ വാളും പരിചയുമെടുത്ത് ഉറഞ്ഞുതുള്ളിയ വനിതാ നേതാക്കളും, രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് പ്രസംഗിക്കുന്ന മാധ്യമങ്ങളും ഇപ്പോൾ പൂർണ്ണ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ബാബു കമ്മ്യൂണിസ്റ്റായതുകൊണ്ട് പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിച്ചാലും പന്ത്രണ്ട് പരാതികൾ ഉയർന്നാലും കുഴപ്പമില്ലെന്ന അവസ്ഥയാണെന്നും, പരാതിക്കാരെ ഭീഷണിപ്പെടുത്തിയാലോ ദുരൂഹ മരണങ്ങൾ ഉണ്ടായാലോ സംരക്ഷിക്കാൻ മാധ്യമങ്ങളുണ്ടെന്ന അഹങ്കാരത്തിലാണ് നേതൃത്വമെന്നും അദ്ദേഹം തന്റെ കുറിപ്പിൽ ആരോപിച്ചു.