ജർമനിയിൽ 3 മലയാളികളുടെ മരണം, തീപിടിച്ച കെട്ടിടം ഇന്ത്യക്കാരന്റേത്; പുറത്തുവരുന്നത് ഉടമയും റുമേനിയൻ പൗരനുമായുള്ള നിരന്തര കലഹത്തിന്റെ വിവരങ്ങൾ
ബർലിൻ: ജർമനിയിലെ ബോഹും നഗരത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിക്കാനിടയായ സംഭവത്തിൽ കെട്ടിട ഉടമ ഉത്തരേന്ത്യക്കാരനായ വ്യവസായിയാണെന്ന് പൊലീസ് കണ്ടെത്തി. വർഷങ്ങളായി ഇവിടെ ഇന്ത്യൻ ഷോപ്പ് നടത്തിവരുന്ന ഇദ്ദേഹം നിലവിൽ ജർമൻ പൗരനാണ്. യാതൊരു അനുമതിയുമില്ലാതെ അനധികൃതമായാണ് ഈ കെട്ടിടം വാടകയ്ക്ക് നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത റുമേനിയൻ പൗരനുമായി കെട്ടിട ഉടമ നിരന്തരം വഴക്കിട്ടിരുന്നതായും വിവരമുണ്ട്. കെട്ടിടത്തിലെ മുറികൾ നന്നാക്കണമെന്ന ആവശ്യത്തെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ പ്രധാനമായും കലഹിച്ചിരുന്നത്. ബോഹുമിലെ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ ഈ ദുരന്തത്തിൽ കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി നോർക്ക അറിയിച്ചു. പുക ശ്വസിച്ചതാണ് മരണകാരണമെന്നും അതിനാൽ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നും വ്യക്തമാക്കുന്ന ജർമൻ പൊലീസിന്റെ മരണ സർട്ടിഫിക്കറ്റും, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സിവിൽ റജിസ്ട്രേഷൻ ഓഫീസിന്റെ അനുമതിയും ഇതിനോടകം ലഭിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ ഇവരുടെ പാസ്പോർട്ടുകൾ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പകരം രേഖകൾ അനുവദിച്ചു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഫ്യൂണറൽ ഏജൻസി ഇന്ത്യൻ കോൺസുലേറ്റിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ എൻ.ഒ.സി കൂടി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള മുഴുവൻ നടപടിക്രമങ്ങളും വേഗത്തിൽ ഏകോപിപ്പിക്കാനും ഇതിനാവശ്യമായ മുഴുവൻ ചെലവുകൾ വഹിക്കാനും മുഖ്യമന്ത്രി നോർക്ക റൂട്ട്സിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കാനാകുമെന്നാണ് നോർക്കയുടെ കണക്കുകൂട്ടൽ. എയർ ഇന്ത്യ വിമാനങ്ങളിലെ കാർഗോ സൗകര്യം കൂടി പരിഗണിച്ചായിരിക്കും ഇതിൽ അന്തിമ തീരുമാനം എടുക്കുക. സിവിന്റെയും നോവയുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച വൈകിട്ടോടെ നാട്ടിലെത്തിക്കുമെന്നാണ് ഇവരുടെ കുടുംബാംഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. അതേസമയം, അഞ്ജലിയുടെ മൃതദേഹം ബുധനാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹി പ്രതിനിധി ജി. ദേവരാജൻ അവരുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.