19/10/2026
[fontresizer_tawhidurrahmandear_widget]

‘വീ ദി ചോട്ടു’; നേഹ ബോറയ്ക്ക് അമിത പ്രാധാന്യം; രാഹുൽ ഗാന്ധിയുടെ നിലപാടിൽ അതൃപ്തിയുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ്.യു.ഐ പ്രവർത്തകർ

 ‘വീ ദി ചോട്ടു’; നേഹ ബോറയ്ക്ക് അമിത പ്രാധാന്യം; രാഹുൽ ഗാന്ധിയുടെ നിലപാടിൽ അതൃപ്തിയുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ്.യു.ഐ പ്രവർത്തകർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഐസ നേതാവായ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിൽ രാഹുൽ ഗാന്ധിക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ. പ്രതിഷേധ സൂചകമായി സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ‘വീ ദി ചോട്ടു’ എന്ന് മാറ്റിയതായും, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത് പഴയപടിയാക്കിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നടത്തിയ വൻ മാർച്ചിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം മുൻനിരയിലും വാഹനത്തിലും നേഹ ബോറ ഇടംപിടിച്ചിരുന്നു. ഇതാണ് എൻ.എസ്.യു.ഐ പ്രവർത്തകരെ പ്രധാനമായും ചൊടിപ്പിച്ചത്. സംഘടനയ്ക്കുള്ളിൽ നിന്ന് ഒരു നേതാവിനെപ്പോലും മുന്നിൽ നിർത്താൻ കഴിഞ്ഞില്ലേ എന്നും, തങ്ങൾ എന്തിനാണ് ഈ കഷ്ടപ്പെടുന്നതെന്നും പ്രവർത്തകർ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചോദിച്ചു. എൻ.എസ്.യു.ഐ പ്രവർത്തകർ നിറഞ്ഞ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ മറ്റൊരാൾ എന്തിനാണെന്നും, വെറും ആൾക്കൂട്ടമായി നടക്കാൻ മാത്രമാണോ തങ്ങളുടെ വിധിയെന്നുമാണ് യുവനേതാക്കളുടെ ചോദ്യം. പാർട്ടിക്കായി അഹോരാത്രം കഷ്ടപ്പെടുന്ന തങ്ങളെ തഴഞ്ഞ് മറ്റൊരു സംഘടനയുടെ നേതാവിന് രാഹുലിനെപ്പോലൊരാൾ ഇത്രയധികം പ്രാധാന്യം നൽകുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും ഇവർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നുണ്ട്.

സർവകലാശാലകളിൽ എൻ.എസ്.യു.ഐയും ഐസയും എതിർചേരിയിലാണെങ്കിലും, ഐസയുടെ മാതൃസംഘടനയായ സി.പി.ഐ (എം.എൽ) ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. മുൻപ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തിയ സമരത്തിലും നിരാഹാരത്തിലും നേഹ സജീവമായിരുന്നു. സുപ്രീംകോടതി മാർച്ചിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ചായ സൽക്കാരത്തിലും നേഹ പങ്കെടുക്കുകയും സംയുക്ത വാർത്താസമ്മേളനത്തിന് ശേഷം മടങ്ങുകയും ചെയ്തു. സി.ജെ.പിയുടെ മറ്റൊരു നേതാവായ അഭിജീത് ദീപ്കെയെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ഡൽഹിയിൽ ഇല്ലാതിരുന്നതിനാൽ എത്തിയില്ല. തുടർച്ചയായി രാഹുലിനൊപ്പം നേഹയെ കണ്ടതോടെയാണ് തങ്ങളുടെ നേതാക്കൾ ഇവിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻ.എസ്.യു.ഐ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചത്.

പരാതികൾക്ക് പിന്നാലെ രാഹുൽ ഗാന്ധി എൻ.എസ്.യു.ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തങ്ങളുടെ നേതാവിനെ കണ്ടതോടെ പാർട്ടിക്കുള്ളിൽ നിസ്സാരക്കാരായി പോയതിന്റെ വേദന മാറിയെന്നും, ആർ.എസ്.എസ്-ബി.ജെ.പി ആശയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും യോഗത്തിന് ശേഷം എൻ.എസ്.യു.ഐ പ്രതിനിധികൾ പ്രതികരിച്ചു. അതേസമയം, രാഹുലുമായുള്ള ചർച്ചയിൽ നേഹയുടെ പേര് പരാമർശിച്ചിട്ടില്ലെന്ന് എൻ.എസ്.യു.ഐ പ്രസിഡന്റ് വിനോദ് ജാഖർ വ്യക്തമാക്കി. ജനങ്ങൾക്കായി ഉയരുന്ന എല്ലാ ശബ്ദങ്ങൾക്കും കോൺഗ്രസിനുള്ളിൽ വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ഈ വിഷയത്തിൽ കോൺഗ്രസ് മീഡിയ ഇൻ ചാർജ് പവൻ ഖേരയുടെ പ്രതികരണം.

Also read: