19/10/2026
[fontresizer_tawhidurrahmandear_widget]

‘സിജെപി പ്രതിഷേധങ്ങള്‍ക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; ഇന്ത്യയെ ചോദ്യം ചെയ്യണം’: വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്കോ റൂബിയോയ്ക്ക് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ കത്ത്

 ‘സിജെപി പ്രതിഷേധങ്ങള്‍ക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; ഇന്ത്യയെ ചോദ്യം ചെയ്യണം’: വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്കോ റൂബിയോയ്ക്ക് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ കത്ത്

വാഷിങ്ടണ്‍: ഡൽഹിയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യു.എസ് ഡെമോക്രാറ്റിക് നിയമസഭാംഗങ്ങൾ. വിഷയത്തിൽ മാർക്കോ റൂബിയോ ഇന്ത്യയിലെ പ്രതിനിധികളുമായി ചർച്ച നടത്തണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയോട് അവർ ആവശ്യപ്പെട്ടു. ഇന്ത്യൻ വംശജയായ പ്രമീള ജയപാൽ, ഇൽഹാൻ ഒമർ എന്നിവരുൾപ്പെടെ ആറ് യു.എസ് കോൺഗ്രസ് അംഗങ്ങളാണ് ഈ ആവശ്യമുന്നയിച്ച് കത്തയച്ചത്. അടുത്തയാഴ്ച മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഈ നീക്കം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെയും, മുൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരെ നടന്ന സിജെപി പ്രക്ഷോഭങ്ങളെയും അടിച്ചമർത്താൻ ഇന്ത്യയിലെ സുരക്ഷാ സേന അമിതമായ ബലപ്രയോഗവും തെറ്റായ തടങ്കലും നടത്തിയതായി ഇവർ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് നടക്കുന്ന ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് യു.എസ് കോൺഗ്രസ് പ്രതിനിധികളായ ജിം മക്ഗൊവൻ, റാഷിദ തൈബ്, എലനോർ ഹോംസ് നോർട്ടൺ, ജീസസ് ഗാർസിയ എന്നിവരും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. കോക്രോച്ച് ജനതാ പാർട്ടിയെ അനുകൂലിച്ച് അമേരിക്കയിൽ നടക്കുന്ന പ്രകടനങ്ങളെ നിരീക്ഷിക്കാൻ ഇന്ത്യൻ എംബസിയും കോൺസുലേറ്റുകളും ഫോട്ടോഗ്രാഫർമാരെ വിന്യസിച്ചതായും ഇവർ ആരോപിക്കുന്നു.

കൂടാതെ, ഇന്ത്യയിലെ പ്രത്യേക വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 13 കോടിയോളം വോട്ടർമാർ കരട് വോട്ടർ പട്ടികയിൽ നിന്നും പുറത്തായ സംഭവത്തിൽ പ്രമീള ജയപാൽ ആശങ്കയറിയിച്ചു. സി.ജെ.പി നടത്തുന്ന സമരങ്ങൾക്ക് തൻ്റെ പൂർണ്ണ പിന്തുണയും അവർ പ്രഖ്യാപിച്ചു. പ്രക്ഷോഭങ്ങളോടുള്ള ഇന്ത്യൻ പൊലീസിൻ്റെ സമീപനവും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്താൻ ഇന്ത്യൻ സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തണമെന്നും മാർക്കോ റൂബിയോയ്ക്ക് അയച്ച കത്തിൽ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനപരമായി സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശങ്ങൾ വിനിയോഗിച്ചതിന്റെ പേരിൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് തടവിലാക്കപ്പെട്ട മുഴുവൻ വ്യക്തികളെയും മോചിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, പ്രമീള ജയപാലിന്റെ ഈ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര രംഗത്തെത്തി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇത്തരത്തിലുള്ള വിദേശ ഇടപെടലുകൾ പൂർണ്ണമായും അസ്വീകാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Also read: