04/09/2026
[fontresizer_tawhidurrahmandear_widget]

‘അച്ഛനും അമ്മയും ക്രിസ്ത്യാനികള്‍; മുത്തച്ഛനും മുത്തശ്ശിയും സിഖുകാരും; മതത്തിന്റെ പേരില്‍ ആശയക്കുഴപ്പത്തിലായിരുന്നു’

 ‘അച്ഛനും അമ്മയും ക്രിസ്ത്യാനികള്‍; മുത്തച്ഛനും മുത്തശ്ശിയും സിഖുകാരും; മതത്തിന്റെ പേരില്‍ ആശയക്കുഴപ്പത്തിലായിരുന്നു’

യുഎസിലേക്കുള്ള കുടിയേറ്റം നിര്‍ത്തണമെന്ന് നിക്കി ഹാലിയുടെ മകന്‍ നാലിന്‍

വാഷിങ്ടണ്‍: ബാല്യകാലത്ത് മതപരമായ കാര്യങ്ങളില്‍ ആശയക്കുഴപ്പം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തലുമായി അമേരിക്കയുടെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹാലിയുടെ മകന്‍. ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍'(മാഗ) പോരാളി കൂടിയായ 24കാരന്‍ നാലിന്‍ ഹാലിയാണു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ മാതാപിതാക്കള്‍ ക്രിസ്ത്യാനികളും, മുത്തച്ഛനും മുത്തശ്ശിയും സിഖ് മതവിശ്വാസികളുമായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് നാലിന്‍ പറഞ്ഞു.

‘എന്റെ മാതാപിതാക്കള്‍ ക്രിസ്ത്യാനികളാണ്, എന്നാല്‍, പിതാമഹന്മാര്‍ സിഖ് മതവിശ്വാസികളും. അതുകൊണ്ടാണ് ഞാന്‍ വളര്‍ന്ന കാലത്ത് മതവുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പത്തിലായത്’-നാലിന്‍ ഹാലി പറഞ്ഞു.

മതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്താനുള്ള ഈ ആകാംക്ഷ തന്നെ കൂടുതല്‍ പഠനത്തിലേക്കും വിവിധ മതഗ്രന്ഥങ്ങള്‍ വായിക്കുന്നതിലേക്കും നയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ മതപരമായി വൈവിധ്യമുള്ള കുടുംബത്തില്‍ വളരുന്നത്, ഒരു വ്യക്തിയെ ആത്മീയതയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും നാലിന്‍ പറഞ്ഞു.

മതപരമായ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് നാലിന്‍ വിശദീകരിച്ചു: ‘എന്റെ സ്വന്തം വിശ്വാസത്തെക്കുറിച്ച് ചരിത്രം, ആദ്യകാല വിശ്വാസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടായിരുന്നു. അങ്ങനെ ചെയ്തപ്പോള്‍, അത്തരത്തിലുള്ള ഗവേഷണം നടത്തുന്ന ആരും ഒരു കത്തോലിക്കനായി മടങ്ങിവരുമെന്ന് എനിക്ക് തോന്നി,’-24കാരന്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ വിഷയങ്ങളില്‍ മാതാപിതാക്കളുടെ കാഴ്ചപ്പാടുകള്‍ അന്ധമായി പിന്തുടരാന്‍ താന്‍ തയ്യാറായില്ലെന്നും നാലിന്‍ വ്യക്തമാക്കി. ‘ഞാന്‍ എന്റെ മാതാപിതാക്കളുടെ അതേ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്താന്‍ പോകുന്നില്ലായിരുന്നു. എനിക്ക് ഇല്ലാത്ത ഒരു കാഴ്ചപ്പാടിന് വേണ്ടി ഞാന്‍ വാദിക്കാന്‍ പോകുന്നില്ലായിരുന്നു. 2024-ലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിക്കി ഹാലിയെ പിന്തുണച്ചത് വെറും ‘നല്ല മകനാകാന്‍’ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റ കുടുംബത്തില്‍ പിറന്നയാളായിട്ടും, യുഎസ് നിയമപരമായ കുടിയേറ്റം നിര്‍ത്തണമെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് നാലിന്‍.

Also read: