‘ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ; നെടുമ്പാശേരി അപകടത്തിലെ എൻ്റെ വാക്കുകൾ വളച്ചൊടിച്ചു’; രൂക്ഷപ്രതികരണവുമായി മഞ്ജു പിള്ള
നെടുമ്പാശേരി: നെടുമ്പാശേരിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി നടി മഞ്ജു പിള്ള. മകൾ ദിയ സുജിത്തിന്റെ വ്ലോഗിൽ ഈ അപകടത്തെക്കുറിച്ച് മഞ്ജു പിള്ള സംസാരിക്കുന്ന ഭാഗങ്ങൾ ചില സോഷ്യൽ മീഡിയ പേജുകൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട കുട്ടികൾ രാത്രി യാത്ര ചെയ്തതാണ് തെറ്റ് എന്ന് മഞ്ജു പിള്ള പറഞ്ഞതായാണ് ഓൺലൈൻ പേജുകളിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ ഹെൽമെറ്റ് ഇല്ലാതെ മൂന്നുപേർ ഒരു വാഹനത്തിൽ യാത്ര ചെയ്തതിലെ തെറ്റാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും, രാത്രി യാത്ര ചെയ്തതല്ല പ്രശ്നമെന്നും അവർ വ്യക്തമാക്കി. ഇതിനു പിന്നാലെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനായി വ്ലോഗിലെ പ്രസക്തഭാഗം അവർ പ്രത്യേകം പോസ്റ്റ് ചെയ്തു. ‘ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ’ എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.
അപകടത്തിൽപ്പെട്ട രണ്ട് ഹിന്ദു കുട്ടികൾ എന്തിന് ഒരു മുസ്ലിം കുട്ടിക്കൊപ്പം യാത്ര ചെയ്തു എന്ന തരത്തിൽ ഉയർന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങളെയും അവർ വീഡിയോയിൽ നിശിതമായി വിമർശിച്ചു. ആ ചോദ്യം തന്നെ തികഞ്ഞ വിവരമില്ലായ്മയും ചെറ്റത്തരവുമാണെന്ന് അവർ പറഞ്ഞു. മൂന്നുപേർ ഹെൽമെറ്റില്ലാതെ ഒരുമിച്ച് യാത്ര ചെയ്തതിനെ താൻ ഒരിക്കലും ന്യായീകരിക്കുന്നില്ല, അത് തീർച്ചയായും തെറ്റാണ്. എന്നാൽ അവർ എന്തിന് രാത്രി യാത്ര ചെയ്തു എന്നോ, എന്തിന് മറ്റൊരു മതത്തിൽപ്പെട്ട സുഹൃത്തിനൊപ്പം പോയി എന്നോ ചോദിക്കുന്നത് ശരിയല്ലെന്നും ഒരു നിയമത്തിലും അങ്ങനെ പറയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് യാഥാർത്ഥ്യം മനസ്സിലാകുന്നതിന് വേണ്ടിയാണ് താൻ വീഡിയോ പങ്കുവെക്കുന്നതെന്നും കാര്യങ്ങൾ ദയവായി വളച്ചൊടിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. സംഭവത്തിൽ മകൾ ദിയ സുജിത്തും കടുത്ത ഭാഷയിൽ പ്രതികരിച്ചു. തന്നെക്കുറിച്ച് ആര് എന്ത് പറഞ്ഞാലും തനിക്ക് വിഷയമല്ലെന്നും എന്നാൽ തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞാൽ വെറുതെയിരിക്കില്ലെന്നും വ്യക്തമാക്കിയ ദിയ, അമ്മ പറഞ്ഞതിന്റെ കൃത്യമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും കൂട്ടിച്ചേർത്തു.