‘വിവാഹത്തിനു വേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ല’: ബോംബെ ഹൈക്കോടതി
മുംബൈ: വിവാഹത്തിന് വേണ്ടി മാത്രം ഒരാൾ മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. അതേസമയം, സ്വന്തം ഇഷ്ടപ്രകാരം മതം മാറാൻ ഏതൊരു വ്യക്തിക്കും അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് മഹേഷ് സി. ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
ബലപ്രയോഗം, വഞ്ചന, പ്രലോഭനം, തെറ്റിദ്ധരിപ്പിക്കൽ, വിവാഹം എന്നിവയിലൂടെയുള്ള മതംമാറ്റങ്ങളെ ഈ നിയമം കുറ്റകരമാക്കുന്നുണ്ട്. മതം മാറുന്നതിന് 60 ദിവസം മുമ്പ് മുൻകൂർ നോട്ടീസ് നൽകണമെന്നും നിയമത്തിലെ സെക്ഷൻ 6 അനുശാസിക്കുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും മതപ്രചാരണ അവകാശത്തെയും ഈ നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി താനെ സ്വദേശിയായ എഴുപതുകാരനായ ഇസ്ലാമിക പ്രഭാഷകനാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, സമൂഹത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാനും നിർബന്ധിത മതപരിവർത്തനങ്ങൾ തടയാനുമാണ് ഈ നിയമമെന്ന് കോടതി വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെയുള്ള മതംമാറ്റങ്ങളിൽ മാത്രമാണ് സർക്കാരിന് ആശങ്കയുള്ളത്. ആർക്കും സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ വിവാഹത്തിന് വേണ്ടി മാത്രമായി അത് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കൂടാതെ, ഈ നിയമം ഹർജിക്കാരനെ വ്യക്തിപരമായി എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ വസ്തുതകളില്ലാത്തതും അക്കാദമിക് സ്വഭാവം മാത്രമുള്ളതുമായ ഹർജി നിലവിലെ സാഹചര്യത്തിൽ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ ഹർജി നൽകാൻ കോടതി സ്വാതന്ത്ര്യം നൽകിയതോടെ ഹർജിക്കാരൻ നിലവിലെ ഹർജി പിൻവലിച്ചു.