‘അമേരിക്കൻ കപ്പലുകൾക്ക് ഗൾഫിലേക്ക് പ്രവേശനമില്ല; ആ മോഹവുമായി ട്രംപ് മണ്ണടിയും’: ഇറാൻ സൈനിക മേധാവിയുടെ താക്കീത്
തെഹ്റാൻ: യാതൊരു സാഹചര്യത്തിലും പേർഷ്യൻ ഗൾഫിലേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകളെ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും, അത്തരമൊരു മോഹവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മണ്ണടിയുമെന്നും ഇറാൻ സൈന്യത്തിന്റെ ശക്തമായ താക്കീത്. ഇറാന് നേരെ അമേരിക്കയും ഇസ്രയേലും ചേർന്ന് പുതിയ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഇറാൻ സൈനിക നേതൃത്വം നിലപാട് കടുപ്പിച്ചത്.
ഈ വാരാന്ത്യത്തിൽ തന്നെ ഇറാൻ ലക്ഷ്യമാക്കി അമേരിക്കയുടെ ഭാഗത്തുനിന്ന് ശക്തമായ സൈനിക നീക്കം ഉണ്ടായേക്കാമെന്ന് തുർക്കിയിലെ യു.എസ് അംബാസഡർ ടോം ബാരക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാൻ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അലി അബ്ദുല്ലാഹിയുടെ പ്രതികരണം.
‘ട്രംപിന്റെ ആഗ്രഹം വെറുമൊരു സ്വപ്നമായി തന്നെ അവശേഷിക്കുമെന്നും, പേർഷ്യൻ ഗൾഫിലേക്ക് യു.എസ് സൈന്യത്തിന് ഒരു കാരണവശാലും വഴിതുറക്കില്ലെന്നും അലി അബ്ദുല്ലാഹി ഔദ്യോഗിക ടെലിവിഷൻ വഴി വ്യക്തമാക്കി. “യു.എസ് യുദ്ധക്കപ്പലുകളെ പേർഷ്യൻ ഗൾഫിലേക്ക് കടക്കാൻ ഒരു സമയത്തും ഞങ്ങൾ അനുവദിക്കില്ല. തങ്ങളുടെ സൈന്യം പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നത് കാണാൻ യു.എസ് പ്രസിഡൻ്റിന് ഇനിയും സ്വപ്നം കാണേണ്ടിവരും. ആ മോഹവും പേറി തന്നെയാകും അദ്ദേഹം മണ്ണടിയുക,” അലി അബ്ദുല്ലാഹി പറഞ്ഞു.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ആഗോള ഊർജ വ്യാപാരത്തിലെ നിർണായക ഇടനാഴിയായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാൻ്റെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെ അമേരിക്കയും നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ഹോർമുസിൽ രണ്ട് സൂപ്പർ ടാങ്കറുകൾ തകർത്തു
ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾ മുൻകൂർ അനുമതി നേടിയിരിക്കണമെന്ന് ഇറാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അനുമതിയില്ലാതെ ഒമാൻ തീരത്തോട് ചേർന്നുള്ള തെക്കൻ വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ റവല്യൂഷണറി ഗാർഡ്സ് ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. അനധികൃത പാതയിലൂടെ കടക്കാൻ ശ്രമിച്ച നിരവധി കപ്പലുകൾ കഴിഞ്ഞ ദിവസങ്ങളിൽ കടൽ മൈനുകളിൽ തട്ടി തകർന്നിരുന്നു.
ഏകദേശം 4.5 ദശലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലുമായി സഞ്ചരിച്ച രണ്ട് കൂറ്റൻ സൂപ്പർ ടാങ്കറുകൾ മൈൻ സ്ഫോടനത്തിൽ തകർന്നതിനെ തുടർന്ന് കടലിൽ ഉപേക്ഷിക്കപ്പെട്ടതായി റവല്യൂഷണറി ഗാർഡ്സ് വെള്ളിയാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തെ തുടർന്നുണ്ടായ വൻ തീപിടുത്തത്തിൽ കപ്പലുകളുടെ എഞ്ചിൻ മുറികൾ പൂർണമായി പ്രവർത്തനരഹിതമായതായി ഗാർഡ്സിന്റെ ഔദ്യോഗിക വാർത്താ വെബ്സൈറ്റായ സെപാഹ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സാധാരണഗതിയിൽ ലോകത്തെ മൊത്തം എണ്ണ-പ്രകൃതിവാതക വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹുർമുസ് കടലിടുക്ക്. നിലവിലെ സംഘർഷം ആഗോള എണ്ണവിപണിയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.