‘തൃപ്പൂണിത്തുറ പേട്ടയിലെ ശ്രീമുരുക കഫേയിൽ നല്ല പഴംപൊരിയും ബീഫും കിട്ടും; വിഢിത്തം വിളമ്പാൻ ദൈവത്തെ ഓർത്ത് കേരളത്തിലേക്ക് വരരുത്’; ഉത്തരേന്ത്യൻ യൂട്യൂബർക്ക് ഹൈബി ഈഡന്റെ മറുപടി
കൊച്ചി: ഫോർട്ട് കൊച്ചിയെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ യൂട്യൂബറായ അമൃത് സിങ് ഡാരന് മറുപടിയുമായി എറണാകുളം എംപി ഹൈബി ഈഡൻ. ഈ യൂട്യൂബർ ഫോർട്ട് കൊച്ചിയിൽ മാത്രമായിരിക്കും പോയതെന്നും, തൃപ്പൂണിത്തുറ പേട്ടയിലെ ശ്രീമുരുക കഫേയിൽ പോയാൽ നല്ല പഴംപൊരിയും ബീഫും ആസ്വദിച്ച് കഴിക്കാനാകുമെന്നും ഹൈബി ഈഡൻ പറഞ്ഞു. ഇത് ശ്രീമുരുകയുടെ പേരിലുള്ള കഫേയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ലിറ്റി ചോക്ക യുപി’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കേരളത്തിനെതിരെ വീഡിയോ പങ്കുവെച്ച യൂട്യൂബറുടെ വാദങ്ങൾക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ വിളമ്പാൻ ദൈവത്തെ ഓർത്ത് കേരളത്തിലേക്ക് വരരുത്,” ഹൈബി ഈഡൻ പറഞ്ഞു. കേരളത്തിൻ്റെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും സാക്ഷരതയെക്കുറിച്ചും, പ്രതിശീർഷ വരുമാനത്തെക്കുറിച്ചും, ഇവിടുത്തെ പ്രകൃതി ഭംഗിയെക്കുറിച്ചുമെല്ലാം പഠിക്കാൻ ഇയാൾ ഇനിയും വരണമെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു. അല്ലാതെ ഇത്തരം വിഡ്ഢിത്തങ്ങൾ പറയാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഇനിയൊരിക്കലും വരരുതെന്ന് അമൃത് സിങ് ഡാരനോട് അഭ്യർത്ഥിക്കുന്നതായും എംപി വ്യക്തമാക്കി.
ഫോർട്ട് കൊച്ചിയിലെ 95 ശതമാനവും മുസ്ലിംകളാണെന്നും അവിടെയുള്ള മറ്റുള്ളവർ ഭയന്നാണ് ജീവിക്കുന്നതെന്നുമായിരുന്നു അമൃത് സിങ് ഡാരൻ തന്റെ വീഡിയോയിൽ ആരോപിച്ചിരുന്നത്. ഇസ്ലാം മതം പ്രചരിപ്പിക്കാൻ കേരള സർക്കാർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്നും, കാശി ആർട്ട് കഫേയിൽ മുഴുവൻ ബീഫ് വിഭവങ്ങളാണെന്നും ഇയാൾ വീഡിയോയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കേരളത്തിൽ നിന്ന് ഉയരുന്നത്.