27/10/2026
[fontresizer_tawhidurrahmandear_widget]

”എംഎൽഎമാരുടെ ശമ്പള വർധന അനിവാര്യം, എത്ര കൂട്ടുമെന്നത് തീരുമാനിച്ചിട്ടില്ല”: മന്ത്രി സണ്ണി ജോസഫ്

 ”എംഎൽഎമാരുടെ ശമ്പള വർധന അനിവാര്യം, എത്ര കൂട്ടുമെന്നത് തീരുമാനിച്ചിട്ടില്ല”: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത് നാളത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് പാർലമെൻ്ററികാര്യ മന്ത്രി സണ്ണി ജോസഫ്. ശമ്പള വർദ്ധന സംബന്ധിച്ച ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ശമ്പള വർദ്ധനവ് അനിവാര്യമാണെന്നും എന്നാൽ എത്ര ശതമാനം കൂട്ടണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എംഎൽഎമാരുടെ ശമ്പളം വർദ്ധിപ്പിക്കുമെന്ന കാര്യം കഴിഞ്ഞ ദിവസം മന്ത്രി സണ്ണി ജോസഫ് തന്നെയായിരുന്നു അറിയിച്ചത്. എംഎൽഎ ഹോസ്റ്റലിൻ്റെ താക്കോൽ കൈമാറ്റ വേദിയിൽ വെച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. വിലക്കയറ്റം, ഇന്ധനവില വർദ്ധനവ്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ, എം.എൽ.എമാരുടെ ജോലിഭാരം എന്നിവ പരിഗണിച്ചാണ് ശമ്പളം കൂട്ടാൻ സർക്കാർ തയ്യാറെടുക്കുന്നത്.

നിലവിൽ എം.എൽ.എമാർക്ക് മണ്ഡലം അലവൻസ് ആയി 25,000 രൂപയും, ടെലിഫോൺ അലവൻസായി 11,000 രൂപയും, ഇൻഫർമേഷൻ അലവൻസായി 4,000 രൂപയും ലഭിക്കുന്നുണ്ട്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ അലവൻസുകളിലടക്കം വർദ്ധനവ് വരുത്താൻ സർക്കാർ ഒരുങ്ങുന്നത്. 2018-ലാണ് അവസാനമായി എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിച്ചത്. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് ഇപ്പോൾ സർക്കാരിൻ്റെ പരിഗണനയിലുണ്ട്.

Also read: