കൗമാരക്കാരനെയും കുടുംബത്തെയും നഗ്നരാക്കി നടത്തിയ സംഭവം: പ്രതികളെ അടിവസ്ത്രത്തിൽ റോഡിലൂടെ നടത്തിച്ച് കൊൽക്കത്ത പോലീസ്
കൊൽക്കത്ത: 13-കാരിയെ ചുംബിച്ചെന്നാരോപിച്ച് കൗമാരക്കാരനെയും കുടുംബത്തെയും നഗ്നരാക്കി നടത്തിയ കേസിൽ പ്രതികളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് കൊൽക്കത്ത പോലീസ്. കൊൽക്കത്തയിലെ സർസുനയിലാണ് സംഭവം. ഞായറാഴ്ച നടന്ന കേസിനാസ്പദമായ സംഭവത്തിലെ പ്രതികളെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ കൗമാരക്കാരനെയും പിതാവിനെയും സുഹൃത്തിനെയും വിവരസ്ത്രരാക്കി 50 മീറ്ററിലധികം ദൂരം റോഡിലൂടെ നടത്തിയത്. നഗ്നനായി നടന്നില്ലെങ്കിൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആൺകുട്ടിയുടെ അമ്മയ്ക്കും മർദനമേറ്റതായും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാരാണ് ആക്രമണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്ന് കേസെടുത്ത സർസുന പോലീസ്, സംഭവം പുനഃസൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് റോഡിലൂടെ നടത്തിയത്. കൊലപാതകശ്രമം, ആക്രമണം, ഗുരുതരമായ ശാരീരിക ഉപദ്രവം, അന്യായമായി തടങ്കലിൽ വെക്കൽ, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി വിവിധ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇരയായവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പരാതിയിൽ ആയുധം കാണിച്ചതായി പറയുന്നുണ്ടെങ്കിലും ഇവ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.