‘റോബോട്ടിനെ ജോലിക്കെടുക്കൂ, മനുഷ്യനെ പിരിച്ചുവിടൂ’; ബിൽ ഗേറ്റ്സിന്റെ മുന്നറിയിപ്പിന് പിന്നാലെ 60,000 ജീവനക്കാരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്
സിയാറ്റിൽ: നിർമിത ബുദ്ധിയും ഓട്ടോമേഷനും മനുഷ്യരുടെ തൊഴിൽ ഇല്ലാതാക്കുമെന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ മുന്നറിയിപ്പിന് പിന്നാലെ, കമ്പനിയിൽ വൻ പിരിച്ചുവിടൽ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ 60,000 ജീവനക്കാർക്ക് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ നോട്ടീസ് നൽകി. കോർപ്പറേറ്റ് ലോകം ‘റോബോട്ടിനെ ജോലിക്കെടുക്കൂ, മനുഷ്യനെ പിരിച്ചുവിടൂ’ എന്ന അപകടകരമായ ചിന്താഗതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ബിൽ ഗേറ്റ്സ് തുറന്നടിച്ചത്. ഈ ആശങ്കകൾ അക്ഷരംപ്രതി ശരിവെക്കുന്ന നടപടിയാണ് ഇപ്പോൾ അദ്ദേഹം സ്ഥാപിച്ച കമ്പനിയിൽ നിന്ന് തന്നെയുണ്ടായിരിക്കുന്നത്.
അമേരിക്ക, ഇന്ത്യ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ 60,000-ത്തോളം ജീവനക്കാരോട് സ്വയം വിരമിക്കൽ പാക്കേജ് സ്വീകരിച്ച് കമ്പനിയിൽ നിന്ന് പുറത്തുപോകാനാണ് മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫീസർ ആമി കോൾമാൻ മെമ്മോയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ കാൽഭാഗത്തോളം വരുന്ന ഈ നടപടി, ലെവൽ 70-ലോ അതിൽ താഴെയോ ഉള്ള മിഡ്-ലെവൽ ജീവനക്കാരെയും മുതിർന്ന എക്സിക്യൂട്ടീവുകളെയുമാണ് പ്രധാനമായും ബാധിക്കുക. ടെക് ലോകത്ത് വലിയ ഞെട്ടലാണ് ഈ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്.
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് പകരം, അത്യാധുനിക എഐ ഡാറ്റാ സെന്ററുകൾ, സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്ററുകൾ, ഓപ്പൺഎഐ പങ്കാളിത്തം എന്നിവയിലേക്ക് കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണ് മൈക്രോസോഫ്റ്റ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഗണിതം, ബയോളജി, സോഫ്റ്റ്വെയർ എൻജിനീയറിംഗ് തുടങ്ങിയ നിർണായക മേഖലകളിൽ അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യനേക്കാൾ മികച്ച പ്രകടനം എ.ഐ കാഴ്ചവെക്കുമെന്നും, ഇത് സൃഷ്ടിക്കുന്ന തൊഴിൽ നഷ്ടങ്ങളും സാമ്പത്തിക പ്രത്യാഘാതങ്ങളും നേരിടാൻ ലോകത്തെ ഒരു സർക്കാരും സജ്ജമല്ലെന്നും ബിൽ ഗേറ്റ്സ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എ.ഐ-ക്ക് വേണ്ടി മനുഷ്യരുടെ തൊഴിൽ വെട്ടിക്കുറയ്ക്കുന്ന പുതിയ കോർപ്പറേറ്റ് നയത്തിന്റെ ഇരകളായി പതിനായിരക്കണക്കിന് ഐ.ടി പ്രൊഫഷണലുകൾ മാറുന്ന കാഴ്ചയാണ് സിലിക്കൺ വാലി മുതൽ ഇന്ത്യയിലെ ഐ.ടി ഹബ്ബുകളിൽ വരെ ഇപ്പോൾ ദൃശ്യമാകുന്നത്.