28/10/2026
[fontresizer_tawhidurrahmandear_widget]

‘പരാമർശം വിവേകശൂന്യമായിപ്പോയി, ആത്മാർത്ഥമായി ഖേദിക്കുന്നു’; മാവോ വിവാദത്തിൽ മാപ്പ് ചോദിച്ച് എംബാപ്പെ

 ‘പരാമർശം വിവേകശൂന്യമായിപ്പോയി, ആത്മാർത്ഥമായി ഖേദിക്കുന്നു’; മാവോ വിവാദത്തിൽ മാപ്പ് ചോദിച്ച് എംബാപ്പെ

പാരിസ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് മാവോ സെതൂങ്ങിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് ചോദിച്ച് ഫ്രഞ്ച് സൂപ്പർ താരവും റയൽ മാഡ്രിഡ് സ്ട്രൈക്കറുമായ കിലിയൻ എംബാപ്പെ. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം ക്ഷമാപണം നടത്തിയത്. അടുത്തിടെ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമർശം വിവേകശൂന്യമായിരുന്നെന്നും, ചൈനീസ് ജനതയെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തെയും അത് വേദനിപ്പിച്ചുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും എംബാപ്പെ പറഞ്ഞു. തന്റെ വാക്കുകൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും, ചൈനീസ് ജനതയോടും അവരുടെ ചരിത്രത്തോടും വലിയ ബഹുമാനമുണ്ടെന്നും താരം പ്രസ്താവനയിൽ വ്യക്തമാക്കി.

ഫ്രഞ്ച് ഓൺലൈൻ ടോക്ക് ഷോയായ ‘ദി ബ്രിഡ്‌ജി’ലെ അഭിമുഖത്തിനിടെയായിരുന്നു വിവാദത്തിനാസ്പദമായ സംഭവം. കളിക്കളത്തിലെ സ്വാധീനം കാരണം ആരാധകർ പലപ്പോഴും ‘ഡിക്റ്റേറ്റർ’ എന്ന് വിളിക്കുന്നതിനെക്കുറിച്ചും ഇഷ്ടപ്പെട്ട മീമിനെക്കുറിച്ചും ചോദിച്ചപ്പോൾ, ‘ഒരാൾ നിർമ്മിച്ച വീഡിയോയിലെ ഒരു ചൈനീസ് ഏകാധിപതിയുടെ ചിത്രം’ എന്നാണ് എംബാപ്പെ മറുപടി നൽകിയത്. തുടർന്ന് മാവോ സെതൂങ്ങിൻ്റെ നീല സ്യൂട്ട് ധരിച്ച ശരീരത്തിൽ എംബാപ്പെയുടെ മുഖം വെച്ചുള്ള ചിത്രം വീഡിയോയിൽ കാണിക്കുകയും ചെയ്തു.

ഈ പരാമർശം ചൈനയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ചൈനീസ് ബ്രോഡ്കാസ്റ്റർമാർ സ്പാനിഷ് ലീഗ് ഫുട്ബോളിന്റെയും എംബാപ്പെ കളിക്കുന്ന മറ്റ് മത്സരങ്ങളുടെയും സംപ്രേഷണം നിർത്തിവെച്ചു. ഇതിന് പുറമെ പ്രമുഖ പാനീയ നിർമ്മാതാക്കളായ ഡോംഗ്‌പെംഗ്, ഡയറി കമ്പനിയായ മെൻഗ്വീന്യൂ, ചീസ് നിർമ്മാതാക്കളായ മിൽക്ക് ഗ്രൗണ്ട് തുടങ്ങിയ വൻകിട കമ്പനികൾ ദേശീയ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി താരവുമായുള്ള മുഴുവൻ വാണിജ്യ കരാറുകളും റദ്ദാക്കുന്നതായും പ്രഖ്യാപിച്ചു. കനത്ത സാമ്പത്തിക നഷ്ടത്തിനും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് താരത്തിന്റെ പരസ്യമായ ക്ഷമാപണം.

Also read: