24/11/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയ്ക്ക് വേണ്ടി ഞങ്ങൾ ചോര ചിന്തിയിട്ടുണ്ട്; മുസ്‌ലിംകളുടെ ദേശസ്നേഹം ബിജെപിക്കും ആർഎസ്എസിനും മുന്നിൽ തെളിയിക്കേണ്ട ​ആവശ്യമില്ല’; രാംലീല മൈതാനത്ത് വികാരഭരിതനായി ഫാറൂഖ് അബ്ദുള്ള

 ‘ഇന്ത്യയ്ക്ക് വേണ്ടി ഞങ്ങൾ ചോര ചിന്തിയിട്ടുണ്ട്; മുസ്‌ലിംകളുടെ ദേശസ്നേഹം ബിജെപിക്കും ആർഎസ്എസിനും മുന്നിൽ തെളിയിക്കേണ്ട ​ആവശ്യമില്ല’; രാംലീല മൈതാനത്ത് വികാരഭരിതനായി ഫാറൂഖ് അബ്ദുള്ള

ന്യൂഡൽഹി: മുസ്‌ലിംകളുടെ ദേശസ്നേഹത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ബിജെപി, ആർഎസ്എസ് നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി കശ്മീർ നാഷണൽ കോൺഫറൻസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള രംഗത്തെത്തി. തങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി രക്തം നൽകിയിട്ടുണ്ടെന്നും ഇന്നലെയും ഇന്നും നാളെയുമെല്ലാം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതുനേരത്തും മുസ്‌ലിംകൾക്ക് നേരെ വിരൽ ചൂണ്ടുകയും അവരെ പാകിസ്താനികൾ എന്ന് വിളിക്കുകയും ചെയ്യുന്നവരോട് ഈ രാജ്യത്തിന് വേണ്ടി തങ്ങൾ ചോര ചിന്തിയിട്ടുണ്ടെന്ന് പറയാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജീവിക്കാനും രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവനകൾ നൽകാനും രാജ്യത്തെ ശക്തിപ്പെടുത്താനുമാണ് മുസ്‌ലിംകൾ ആഗ്രഹിക്കുന്നതെന്നും ഒരു സമുദായവും തങ്ങളുടെ രാജ്യക്കൂറ് നിരന്തരം തെളിയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്ത വേദിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

എസ്ഐആറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും അദ്ദേഹം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിൽ വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റിയെന്ന് ആരോപിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചു. ഉത്തർപ്രദേശിൽ വോട്ടർപട്ടികയിൽ നിന്ന് ഒരു കോടിയിലധികം ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന അഖിലേഷ് യാദവിന്റെ പരാമർശം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആ ഒഴിവാക്കപ്പെട്ടവരും പാകിസ്താനികളാണോ എന്ന് ചോദിച്ചു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഇന്ത്യാ സഖ്യം നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ റാലി സംഘടിപ്പിച്ചത്. വൻതോതിൽ ജനങ്ങളെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇതിന് മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

സമൂഹത്തെ ഭിന്നിപ്പിക്കാനും ഭരണഘടനാപരമായ അവകാശങ്ങളെ ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കെതിരെ എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കണമെന്ന് ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ജൈനരും പാഴ്സികളുമെല്ലാം ഇന്ത്യക്കാരാണെന്നും അവർ ഇന്ത്യക്കാരായി തന്നെ ജീവിച്ച് മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ആർ അംബേദ്കർ വിഭാവനം ചെയ്ത ഇന്ത്യയുടെ ഭരണഘടന വോട്ട് ചെയ്യാനുള്ള അവകാശം ഉൾപ്പെടെ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനങ്ങളെ വോട്ടവകാശത്തിൽ നിന്ന് അകറ്റാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികളോടും പൗരന്മാരോടും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ കണ്ട് ഭയപ്പെടേണ്ടതില്ലെന്നും സർക്കാരുകളും നേതാക്കളും മാറിവരുമെങ്കിലും ജനാധിപത്യത്തിൽ ജനങ്ങളാണ് യഥാർത്ഥ ശക്തിയെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മതങ്ങളെയും ഉൾക്കൊണ്ട് മുന്നോട്ട് പോയാൽ മാത്രമേ ഇന്ത്യയ്ക്ക് ശക്തവും സമ്പന്നവുമായ ഒരു രാജ്യമായി മാറാൻ സാധിക്കൂ എന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.

Also read: