21/11/2026
[fontresizer_tawhidurrahmandear_widget]

‘അറബ് പാർട്ടികളുമായി സഹകരിക്കുന്ന ജൂത രാഷ്ട്രീയ നേതാക്കളെ വധിക്കാം’; ഇസ്രയേലിൽ വിവാദ മതവിധിയുമായി ജൂതപുരോഹിതൻ

 ‘അറബ് പാർട്ടികളുമായി സഹകരിക്കുന്ന ജൂത രാഷ്ട്രീയ നേതാക്കളെ വധിക്കാം’; ഇസ്രയേലിൽ വിവാദ മതവിധിയുമായി ജൂതപുരോഹിതൻ

തെൽ അവീവ്: അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്ന ജൂത രാഷ്ട്രീയ നേതാക്കളെ വധിക്കുന്നത് മതപരമായി തെറ്റല്ലെന്ന് പ്രഖ്യാപിച്ച് ഇസ്രയേലിലെ പ്രമുഖ ജൂതപുരോഹിതൻ രംഗത്ത്. മുൻ ഹൈഫ റബ്ബിനിക്കൽ കോടതി മേധാവിയും ചബാദ് വിഭാഗത്തിലെ പ്രമുഖനുമായ റബ്ബി ഗെദാലിയ ആക്‌സൽറോഡ് ആണ് ഈ വിവാദ മതവിധി പുറപ്പെടുവിച്ചത്. ജോയിൻ്റ് ലിസ്റ്റ്, റആം തുടങ്ങിയ അറബ് പാർട്ടികളുമായി സഹകരിക്കുന്നവരും അവരുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ സഖ്യമുണ്ടാക്കുന്നവരുമായ രാഷ്ട്രീയ നേതാക്കൾക്കെതിരെയാണ് ഈ കൊലവിളി.

മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന ഒരാളെ തടയുന്നതിനായി മാരകമായ ബലപ്രയോഗം വരെ അനുവദിക്കുന്ന ജൂതമതത്തിലെ ‘ദിൻ റോഡെഫ്’ എന്ന സങ്കൽപ്പം ചൂണ്ടിക്കാട്ടിയാണ് റബ്ബി തൻ്റെ പ്രസ്താവനയെ ന്യായീകരിക്കുന്നത്. അറബ് പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്ന നേതാക്കളെ ഈ വിഭാഗത്തിലാണ് അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം രാഷ്ട്രീയ സഹകരണങ്ങൾ ഇസ്രയേലിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ജൂത ജനതയുടെ ജീവന് വലിയ അപകടം വരുത്തിവെക്കുമെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.

അതേസമയം, റബ്ബിയുടെ ഈ പ്രസ്താവനക്കെതിരെ ഇസ്രയേലിൽ കടുത്ത പ്രതിഷേധമാണ് അലയടിക്കുന്നത്. മുൻ ഷിൻ ബെത്, മൊസാദ് മേധാവികൾ ഉൾപ്പെടെയുള്ള ഇരുപതോളം മുൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ഡെമോക്രാറ്റ്സ് പാർട്ടി പാർലമെൻ്റംഗം മിഖാൽ റോസിൻ അടക്കമുള്ളവരും സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ വധിക്കാൻ മതപരമായ അംഗീകാരം നൽകുന്നത് രാജ്യത്തെ വലിയ ആഭ്യന്തര കലാപങ്ങളിലേക്ക് തള്ളിവിടുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

1995-ൽ ഫലസ്തീനുമായി സമാധാന കരാറുണ്ടാക്കിയതിന് അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന യിത്സ്ഹാക് റാബിനെ യിഗാൽ അമീർ എന്നയാൾ വധിച്ചതും ഇതേ ‘ദിൻ റോഡെഫ്’ സങ്കൽപ്പം ഉപയോഗിച്ച് ന്യായീകരിച്ചായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അന്ന് ജൂതരുടെ ജീവനും സ്വത്തിനും റാബിൻ ഭീഷണിയാണെന്നായിരുന്നു തീവ്രപക്ഷത്തിൻ്റെ വാദം. ഈ ചരിത്രം കൂടി മുൻനിർത്തിയാണ് രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ആശങ്ക അറിയിച്ചിരിക്കുന്നത്. എന്നാൽ വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോഴും തൻ്റെ പ്രസ്താവനയിൽ യാതൊരു ഖേദവുമില്ലെന്നാണ് റബ്ബി ആക്‌സൽറോഡിൻ്റെ പ്രതികരണം. ഇത് ചബാദ് വിഭാഗത്തിൻ്റെ ഔദ്യോഗിക നിലപാടല്ലെന്നും തൻ്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് ഇദ്ദേഹം നൽകുന്ന വിശദീകരണം.

Also read: