26/11/2026
[fontresizer_tawhidurrahmandear_widget]

‘അയോധ്യ നമ്മുടേതായി, ഇനി മഥുര’; യുപി തെരഞ്ഞെടുപ്പിൽ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം പ്രധാന പ്രചാരണ വിഷയമാക്കാൻ ബിജെപി

 ‘അയോധ്യ നമ്മുടേതായി, ഇനി മഥുര’; യുപി തെരഞ്ഞെടുപ്പിൽ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം പ്രധാന പ്രചാരണ വിഷയമാക്കാൻ ബിജെപി

മഥുര: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര നിർമാണം പ്രധാന പ്രചാരണ വിഷയമാക്കാൻ ഒരുങ്ങി ബിജെപി. അയോധ്യയ്ക്ക് ശേഷം ഇനി മഥുരയുടെ ഊഴമാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി. മഥുരയിൽ നടന്ന ബിജെപിയുടെ ദ്വിദിന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയോധ്യ നമ്മുടേതായി, ഇനി മഥുരയുടെ ഊഴമാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതുപോലെ മഥുരയിൽ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിർമിക്കാൻ ഇതാണ് ശരിയായ സമയം. നിയമപരമായ നടപടികളിലൂടെയും പരസ്പര സമ്മതത്തോടുകൂടെയും ഇക്കാര്യത്തിൽ മുന്നോട്ട് പോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഉത്തർപ്രദേശിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയം കൃഷ്ണ ക്ഷേത്രമായിരിക്കും’- കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിക്ക് സമീപമുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് മാറ്റണമെന്ന ആവശ്യമാണ് ബിജെപി ഉന്നയിക്കുന്നത്. മുഗൾ ഭരണാധികാരിയായ ഔറംഗസേബിന്റെ കാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെയും ഭാഗങ്ങൾ തകർത്താണ് പള്ളികൾ നിർമിച്ചതെന്നാണ് ഇവരുടെ വാദം. ക്ഷേത്ര പരിസരം വികസിപ്പിക്കുന്നതിനായി പള്ളിക്ക് മേലുള്ള അവകാശവാദം പിൻവലിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് മേൽ സമ്മർദ്ദമുണ്ട്. കൂടാതെ വിവിധ ഹൈന്ദവ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക കോടതികളിലും അലഹബാദ് ഹൈക്കോടതിയിലും ഇതിനോടകം നിരവധി കേസുകളും ഫയൽ ചെയ്തിട്ടുണ്ട്.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും കേശവ് പ്രസാദ് മൗര്യ വെല്ലുവിളിച്ചു. അഖിലേഷ് യാദവ് യഥാർത്ഥ കൃഷ്ണ ഭക്തനാണെങ്കിൽ ക്ഷേത്ര നിർമാണത്തിനായി കർസേവ ചെയ്യാൻ ഒപ്പം ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താനും തന്റെ പാർട്ടിയും കൃഷ്ണന്റെ ഉപദേശങ്ങളാണ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പറയാറുണ്ടായിരുന്നെന്നും അതിനാൽ അദ്ദേഹത്തെ ഇതിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മൗര്യ കൂട്ടിച്ചേർത്തു.

Also read: