വാഹനങ്ങളിൽ ജാതി സൂചിപ്പിക്കുന്ന പേരുകളും ചിഹ്നങ്ങളും ഇനി വേണ്ട; നിരോധനവുമായി ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ്: സ്വകാര്യ വാഹനങ്ങളിൽ ജാതി തിരിച്ചറിയുന്ന വാക്കുകൾ, ചിത്രങ്ങൾ, ചിഹ്നങ്ങൾ, എഴുത്തുകൾ എന്നിവ പ്രദർശിപ്പിക്കുന്നത് ഗുജറാത്ത് സർക്കാർ നിരോധിച്ചു. ഇതിനായി 1989-ലെ ഗുജറാത്ത് മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര, മുച്ചക്ര, നാലുചക്ര വാഹനങ്ങൾ, ബസുകൾ തുടങ്ങി സംസ്ഥാനത്തെ എല്ലാത്തരം സ്വകാര്യ വാഹനങ്ങൾക്കും ഈ നിരോധനം ബാധകമായിരിക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
സ്വകാര്യ വാഹനങ്ങളിൽ ജാതി സൂചിപ്പിക്കുന്ന ബോർഡുകളും എഴുത്തുകളും വ്യാപകമായി പ്രദർശിപ്പിക്കുന്ന പതിവ് നിലനിൽക്കുന്ന ഗുജറാത്തിൽ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ ഈ നടപടി ഏറെ പ്രാധാന്യമുള്ളതാണ്.
2026 നവംബർ 17-നാണ് തുറമുഖ-ഗതാഗത വകുപ്പ് ‘ഗുജറാത്ത് വെഹിക്കിൾസ് (മൂന്നാം ഭേദഗതി) ചട്ടങ്ങൾ, 2026’ വിജ്ഞാപനം ചെയ്തത്. ഇതിന്റെ ഭാഗമായി ചട്ടം 125-ലെ ഉപവകുപ്പ് (1)-ൽ നേരത്തേയുണ്ടായിരുന്ന ‘പരസ്യ ഉപകരണങ്ങളോ ചിത്രങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ല’ എന്ന വ്യവസ്ഥയിൽ ജാതി സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതിന് പുറമെ, ചട്ടം 138-ൽ ഉപവകുപ്പ് (3) കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതുപ്രകാരം, സംസ്ഥാന സർക്കാർ പൊതുവായോ പ്രത്യേകമായോ ഉത്തരവിലൂടെ അനുമതി നൽകുന്ന സാഹചര്യങ്ങളിലൊഴികെ, സ്വകാര്യ വാഹനങ്ങളിൽ പരസ്യ ഉപകരണങ്ങൾ, ജാതി തിരിച്ചറിയുന്ന ചിഹ്നങ്ങൾ, ചിത്രങ്ങൾ, മറ്റ് എഴുത്തുകൾ എന്നിവ പ്രദർശിപ്പിക്കാൻ പാടില്ല.
ഭേദഗതിയുടെ കരട് ചട്ടങ്ങൾ 2026 ജൂൺ 11-ന് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും എതിർപ്പുകളും ക്ഷണിച്ചിരുന്നു. ഇതിനായി 30 ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്. എന്നാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ പരാതികളോ നിർദ്ദേശങ്ങളോ ലഭിക്കാത്തതിനെ തുടർന്നാണ് അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതെന്നും സർക്കാർ അറിയിച്ചു.