ഗ്യാസാണെന്ന് കരുതി നിസ്സാരമാക്കണ്ട! ഒവേറിയൻ കാൻസറാകാം; ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്!
തിരിച്ചറിയാൻ ഏറെ വൈകുന്ന അർബുദങ്ങളിൽ ഒന്നാണ് ഒവേറിയൻ കാൻസർ (അണ്ഡാശയ അർബുദം). ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ ഗ്യാസ്ട്രിക് പ്രശ്നങ്ങളായോ ആർത്തവ സംബന്ധമായ അസ്വസ്ഥതകളായോ തെറ്റിദ്ധരിച്ച് നിസ്സാരമായി തള്ളിക്കളയുന്നതാണ് രോഗനിർണയം വൈകാൻ പ്രധാന കാരണമാകുന്നത്. രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നതിന് ശേഷമായിരിക്കും പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ഈ സാഹചര്യത്തിൽ, ഒവേറിയൻ കാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടുവരുന്ന നാല് പ്രധാന ലക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഹൈദരാബാദിൽ നിന്നുള്ള കാൻസർ സർജൻ ഡോ. അർജുൻ ശങ്കരൻ.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് 48 വയസ്സുകാരിയായ ഒരു രോഗിയുടെ അനുഭവം മുൻനിർത്തി ഡോ. അർജുൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ആഴ്ചകളോളം ഗ്യാസ്ട്രബിളിനുള്ള മരുന്നുകൾ കഴിച്ചിരുന്ന അവർക്ക് പിന്നീടാണ് ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചത്. വെറും ഗ്യാസിന്റെ പ്രശ്നമാണെന്നാണ് അവർ ആദ്യം കരുതിയിരുന്നത്. വയറിന് എപ്പോഴും അനുഭവപ്പെടുന്ന ഇറുക്കം, ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞതുപോലെ തോന്നുക, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക എന്നീ മൂന്ന് ലക്ഷണങ്ങളായിരുന്നു അവർക്കുണ്ടായിരുന്നത്. എന്നാൽ ഇവ ഒവേറിയൻ കാൻസറിന്റെ ലക്ഷണങ്ങളായിരുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.
വയറു വീർത്തതായി തോന്നുക, അടിവയറിലും പെൽവിക് ഭാഗത്തും നേരിയ വേദന അനുഭവപ്പെടുക, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ എന്നിവയാണ് ഒവേറിയൻ കാൻസറിന്റെ പ്രധാന ആദ്യകാല ലക്ഷണങ്ങളെന്ന് ഡോ. അർജുൻ ചൂണ്ടിക്കാട്ടുന്നു. ഇവ പലപ്പോഴും ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐ.ബി.എസ്), മൂത്രാശയ അണുബാധ (യൂറിനറി ഇൻഫെക്ഷൻ), പി.എം.എസ്, ആർത്തവവിരാമം (മെനോപോസ്) എന്നിവയുടെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ സാധാരണയുണ്ടാകുന്ന താൽക്കാലിക ദഹനപ്രശ്നങ്ങളോ ആർത്തവ അസ്വസ്ഥതകളോ പോലെയല്ല ഇതെന്നും, ഇത്തരം ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണെങ്കിൽ ഒവേറിയൻ കാൻസറാണോ എന്ന് സംശയിച്ച് കൃത്യമായ പരിശോധന നടത്തണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
അണ്ഡാശയങ്ങളെ ബാധിക്കുന്ന അർബുദമായ ഒവേറിയൻ കാൻസർ തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമെ അകാരണമായ ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം തുടങ്ങിയവയും രോഗത്തിന്റെ ഭാഗമായി ഉണ്ടാകാം. പ്രധാനമായും മൂന്ന് വിഭാഗങ്ങളിലാണ് ഒവേറിയൻ കാൻസർ കണ്ടുവരുന്നത്; എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിവയാണവ.
പ്രായം കൂടുന്തോറും ഒവേറിയൻ കാൻസറിനുള്ള സാധ്യതയും വർധിക്കുന്നുണ്ട്. പ്രായമായവരിലാണ് ഈ രോഗം കൂടുതലായി സ്ഥിരീകരിക്കപ്പെടുന്നത്. ചെറിയൊരു ശതമാനം കേസുകളിൽ പാരമ്പര്യവും ജനിതക ഘടകങ്ങളും കാരണമാകാറുണ്ട്; പ്രത്യേകിച്ച് BRCA1, BRCA2 എന്നീ ജീനുകളിലെ വ്യതിയാനങ്ങൾ രോഗസാധ്യത കൂട്ടുന്നു. രക്തബന്ധത്തിലുള്ള ആർക്കെങ്കിലും നേരത്തെ ഒവേറിയൻ കാൻസർ വന്നിട്ടുണ്ടെങ്കിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതിനുപുറമെ അമിതവണ്ണം, എൻഡോമെട്രിയോസിസ് എന്ന ആരോഗ്യാവസ്ഥ, ആർത്തവം വളരെ നേരത്തെ ആരംഭിക്കുന്നത്, ആർത്തവവിരാമം വൈകുന്നത്, ഗർഭിണിയാകാത്തത് തുടങ്ങിയ ഘടകങ്ങളും ഒവേറിയൻ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.