റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത മുറുകുന്നു ; ട്രംപിന് തിരിച്ചടി
വാഷിങ്ടണ്‍: വിവിധ വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉയർന്ന വിമർശനങ്ങളും എതിർപ്പുകളും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് രണ്ടാമൂഴത്തിൽ തിരിച്ചടിയാവുന്നു. ട്രംപിന്റെ വ്യക്തിപരമായ നിലപാടുകൾ, ഭരണപരമായ സമീപനങ്ങൾ, പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകൾ എന്നിവ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടിയിൽ വിരുദ്ധ ചേരികളെ സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നങ്ങൾ തുടർന്നാൽ ട്രംപിന്റെ അജണ്ടയ്ക്ക് കനത്ത വെല്ലുവിളിയാവുകയും 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
തീവ്ര യാഥാസ്ഥിതിക നേതാവ് മാർജോറി ടെയ്‌ലർ ഗ്രീനുമായുള്ള ട്രംപിൻ്റെ പരസ്യമായ ഏറ്റുമുട്ടലാണ് പാർട്ടിയിലെ പുതിയ ചർച്ചാ വിഷയം. ഒരു കാലത്ത് ട്രംപിന്റെ ഉറച്ച സഖ്യകക്ഷിയായിരുന്ന ഗ്രീനിനെ, വിവിധ വിഷയങ്ങളിൽ പരസ്യമായ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് ട്രംപ് തന്നെ “രാജ്യദ്രോഹി” എന്ന് വിശേഷിപ്പിച്ചത് പാർട്ടിയിൽ ഞെട്ടലുണ്ടാക്കി.നവംബർ 15-ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഗ്രീനുള്ള പിന്തുണ പിൻവലിക്കുകയും അവരെ “മാർജോറി ട്രെയ്റ്റർ ഗ്രീൻ” എന്ന് വിളിക്കുകയും ചെയ്തു.
ഹൈ പ്രൊഫൈൽ ലൈംഗിക കുറ്റവാളിയായ
ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകൾ പൂർണ്ണമായി പുറത്തുവിടണം എന്ന ശക്തമായ ആവശ്യം ഉൾപ്പെടെയുള്ള സുതാര്യതാ വിഷയങ്ങളാണ് ഈ ഭിന്നതയുടെ പ്രധാന കാരണം. ട്രംപിൻ്റെ ഇസ്രായേൽ പക്ഷപാത നിലപാടും എച്ച്-1ബി വിസകളെക്കുറിച്ചുള്ള നയങ്ങളെ ഗ്രീൻ വിമർശിച്ചതും ഭിന്നതയ്ക്ക് ആക്കം കൂട്ടി.
ജെഫ്രി എപ്‌സ്റ്റൈൻ ഫയലുകൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ദുരൂഹ നിലപാടുകൾ ട്രംപിനെതിരെ പാർട്ടിയിൽ ശബ്ദമുയരാൻ കാരണമായി. മാസങ്ങളോളം ഈ ആവശ്യത്തെ തള്ളിക്കളഞ്ഞ ട്രംപിന്, ഗ്രീൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഹൗസിൽ വോട്ടെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പെട്ടെന്ന് നിലപാട് മാറ്റേണ്ടി വന്നു.
യാഥാസ്ഥിതിക വൃത്തങ്ങളിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇസ്രായേൽ അനുകൂല നിലപാടുകളിലും റിപ്പബ്ലിക്കൻ പാർട്ടിയിൽ വിള്ളൽ വീഴുകയാണ്. ഇസ്രയേലിന് നിരുപാധികം സാമ്പത്തിക, ആയുധ പിന്തുണ നൽകുന്നതിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചലനങ്ങൾ ഉണ്ടാകുന്നുണ്ട്. ടക്കർ കാൾസണെപ്പോലുള്ള സ്വാധീനമുള്ള വ്യക്തിത്വങ്ങൾ ഇസ്രായേലിനെതിരെ ഉയർത്തിയ വിമർശനങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ഹോളോകാസ്റ്റ് നിഷേധിയായ നിക്കോളാസ് ഫ്യൂണ്ടസിനെപ്പോലുള്ള വിവാദ വ്യക്തികളെ തള്ളിപ്പറയാൻ ട്രംപ് വിമുഖത കാണിച്ചത് ഇസ്രായേൽ ലോബിയെയും ചൊടിപ്പിച്ചിട്ടുണ്ട്.