ദുബൈയില്‍ കാണാതായ രാകേഷിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 6 ലക്ഷം പാരിതോഷികം; കുടുംബത്തിന് പ്രതീക്ഷയായി വ്യവസായുടെ പ്രഖ്യാപനം
ദുബൈ: രണ്ട് വര്‍ഷത്തിലധികമായി ദുബൈയില്‍ കാണാതായ രാജസ്ഥാന്‍ സ്വദേശിയായ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി. 39കാരന്‍ രാകേഷ് കുമാര്‍ ജാംഗിദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് ദുബൈയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി കല്‍പേഷ് കിനരിവാല 25,000 ദിര്‍ഹം (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളുടെ പിതാവായ രാകേഷിന്റെ കുടുംബം അനുഭവിക്കുന്ന വേദനയെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് കിനരിവാലയുടെ ഈ മനുഷ്യത്വപരമായ ഇടപെടല്‍.
‘എനിക്ക് 12 വയസ്സുള്ളപ്പോഴാണ് എന്റെ അച്ഛനെ നഷ്ടമായത്. ഒരു കുടുംബത്തിന്റെ ആശ്രയമായ വ്യക്തിയെ പെട്ടെന്ന് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന എനിക്ക് നന്നായി അറിയാം.’-പാന്തിയോണ്‍ ഡെവലപ്പേഴ്സ് ചെയര്‍മാനായ കിനരിവാല പ്രതികരിച്ചു.
രാകേഷിന്റെ മക്കള്‍ക്ക് ഒരു പ്രതീക്ഷ നല്‍കാന്‍ വേണ്ടിയാണ് ഈ പാരിതോഷികം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പാരിതോഷികവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും പ്രാദേശിക വൃത്തങ്ങളുമായും ഇന്ത്യന്‍ കോണ്‍സുലേറ്റുമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്നുള്ള മാര്‍ബിള്‍ പണിക്കാരനാണ് രാകേഷ്. 2023 ജൂണ്‍ 21ന് ജോലി പ്രതീക്ഷിച്ച് 60 ദിവസത്തെ ടൂറിസ്റ്റ് വിസയിലാണ് ഇദ്ദേഹം ദുബൈയില്‍ എത്തിയത്. ആദ്യത്തെ രണ്ടാഴ്ച അദ്ദേഹം കുടുംബവുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, 2023 ജൂലൈ ആറിനാണ് രാകേഷ് അവസാനമായി വിളിച്ചത്.
അവസാന കോളില്‍, ജബല്‍ അലിയിലെ നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റെ 14-ാം നിലയില്‍ രണ്ട് പുരുഷന്മാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും, ഒരാള്‍ തന്റെ അനുജത്തി മരിച്ചുവെന്ന് പറഞ്ഞെന്നും രാകേഷ് കുടുംബത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ താന്‍ താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ കോളിന് ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. ഏജന്റിനെ സമീപിച്ചപ്പോള്‍ വ്യക്തതയില്ലാത്ത മറുപടികള്‍ മാത്രമാണ് ലഭിച്ചതെന്നും കുടുംബം പറയുന്നു.
കാണാതായതിന് ശേഷം രാകേഷിന്റെ കുടുംബത്തിന് നേരിടേണ്ടിവന്ന ദുരന്തങ്ങള്‍ കരളലിയിക്കുന്നതാണ്. ഇതിനു ശേഷം, മുംബൈയിലുണ്ടായിരുന്ന ഒരു സഹോദരന്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചു. ഇളയ സഹോദരന്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. ഇതിനിടെ അദ്ദേഹവും മരിച്ചു. ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മൂന്നാമത്തെ മകന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ്.
2024 മാര്‍ച്ചില്‍ രാകേഷ് ജയിലിലാണെന്ന് പറഞ്ഞ് ഏജന്റില്‍ നിന്ന് ഒരു വോയ്സ് നോട്ട് ലഭിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ മഖന്‍ ലാല്‍ ദുബൈയിലെത്തിയിരുന്നു. ആശുപത്രികളും തടങ്കല്‍ കേന്ദ്രങ്ങളും നിര്‍മാണ സ്ഥലങ്ങളും എല്ലാം തിരഞ്ഞെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
കിനരിവാലയുടെ പാരിതോഷിക പ്രഖ്യാപനം കുടുംബത്തിന് വലിയൊരു ആശ്വാസമായിരിക്കുകയാണ്. ‘ഇത്ര ദൂരത്തിരുന്നും സഹായിക്കാനുള്ള മനസ്സുണ്ടെന്ന് കാണുമ്പോള്‍, ഞങ്ങള്‍ ഒറ്റപ്പെട്ടവരല്ലെന്ന തോന്നല്‍ ലഭിക്കുന്നു,’ രാകേഷിന്റെ സഹോദരന്‍ മഖന്‍ലാല്‍ പറഞ്ഞു.
‘പാരിതോഷികം ലഭ്യമാക്കുന്ന വിവരം ആരെയെങ്കിലും മുന്നോട്ട് വരാന്‍ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. രാകേഷിന് എന്ത് സംഭവിച്ചു എന്നറിയാനാണ് ഞങ്ങളുടെ ഒരേയൊരു ആഗ്രഹം. മാതാപിതാക്കള്‍ പ്രായം കൂടുകയാണ്. കുട്ടികള്‍ ഓരോ ദിവസവും അച്ഛനെക്കുറിച്ച് ചോദിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ ഉദ്യോഗസ്ഥര്‍ 2023 ഓഗസ്റ്റ് മുതല്‍ കേസ് നിരീക്ഷിച്ച് അന്വേഷണവുമായി സജീവമായി സഹകരിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.