ജനസംഖ്യ വെറും 1.56 ലക്ഷം; കുഞ്ഞന്‍ രാജ്യം! ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ചരിത്രമെഴുതി കുറസാവോ!
കിങ്‌സറ്റന്‍: രാജ്യതലസ്ഥാനത്തോട് ചേര്‍ന്ന നോയിഡയിലെ ജനസംഖ്യയുടെ പത്തിലൊന്ന് മാത്രം ആളുകളുള്ള ഒരു രാജ്യം. ശരിക്കുമൊരു കുഞ്ഞന്‍ ദ്വീപ് രാഷ്ട്രം. ആധുനിക ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍ കുറസാവോ. 2026 ഫിഫ ലോകകപ്പിനു യോഗ്യത നേടിയിരിക്കുന്നു ഈ കരീബിയന്‍ ദ്വീപുരാഷ്ട്രം.
വെറും 1,56,000 മാത്രം ജനസംഖ്യയുള്ള ഒരു രാജ്യമാണിത്. ഈ നേട്ടത്തിന്റെ വലുപ്പം മനസ്സിലാക്കാന്‍ ഇന്ത്യയുടെ അവസ്ഥ നോക്കിയാല്‍ മതി. 140 കോടി ജനസംഖ്യയുള്ള രാജ്യം ഇപ്പോഴും ഫിഫ പോയിന്റ് പട്ടികയില്‍ എവിടെ കിടക്കുന്നു. എന്നാല്‍, ഉത്തര്‍പ്രദേശിലെ നോയിഡ നഗരത്തിലെ ജനസംഖ്യയുടെ പത്തിലൊന്ന് മാത്രമാണ് ക്യുറസാവോയിലെ ആകെ ജനസംഖ്യ. ലോകകപ്പിന് യോഗ്യത നേടുന്ന രാജ്യങ്ങളില്‍, ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം എന്ന ചരിത്രപരമായ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു കുറസാവോ.
2018ല്‍ യോഗ്യത നേടിയ ഐസ്ലന്‍ഡ് (ഏകദേശം 3,50,000 ജനസംഖ്യ) കൈവശം വെച്ചിരുന്ന റെക്കോര്‍ഡാണ് കുറസാവോ മറികടന്നത്. കോണ്‍കാഫ് യോഗ്യതാ റൗണ്ടിലാണ് കുറസാവോ തങ്ങളുടെ ചരിത്രനേട്ടം ഉറപ്പിച്ചത്. ജമൈക്കയെ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെ, ഗ്രൂപ്പ് ബിയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി അവര്‍ ഒന്നാമതെത്തി.
ഈ വിജയഗാഥയ്ക്ക് പിന്നില്‍, ഡച്ച് ഫുട്ബോളിലെ പ്രശസ്തനായ പരിശീലകന്‍ ഡിക്ക് അഡ്വക്കാറ്റിന്റെ തന്ത്രങ്ങളുണ്ട്. ഡച്ച് വേരുകളുള്ള താരങ്ങളെയും പ്രാദേശിക പ്രതിഭകളെയും ഒരുമിപ്പിച്ച് അദ്ദേഹം ഒരു കിടിലന്‍ ടീമിനെ വാര്‍ത്തെടുത്തു. അദ്ദേഹത്തിന്റെ അനുഭവസമ്പന്നമായ പരിശീലനം ഈ കൊച്ചുടീമിന്റെ ചരിത്രത്തില്‍ വഴിത്തിരിവായി.
കുറസാവോയുടെ സ്വപ്നതുല്യമായ മുന്നേറ്റം കോണ്‍കാഫ് മേഖലയിലെ കൂടുതല്‍ വിജയങ്ങളുടെ ഭാഗമാണ്. അവര്‍ക്കൊപ്പം പനാമയും ഹെയ്ത്തിയും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 1974ന് ശേഷം ഇതാദ്യമായാണ് ഹെയ്ത്തി ലോകകപ്പിന് യോഗ്യത നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ മേഖലയില്‍ നിന്ന് ആകെ എട്ട് രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുക.
ജമൈക്ക, സുരിനാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇനിയും പ്ലേഓഫ് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍, കുറസാവോ ദ്വീപില്‍ ഇപ്പോള്‍ ആഘോഷം പൊടിപൊടിക്കുകയാണ്. നിശ്ചയദാര്‍ഢ്യവും കളിമികവുമുണ്ടെങ്കില്‍ വലിയ നേട്ടങ്ങള്‍ക്കു മുന്നില്‍ ഒരു പരിമിതിയും ഒന്നുമല്ലെന്ന് അവര്‍ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു.