ശത്രുവിന്‍റെ മുട്ടിടിക്കും: ജാവലിൻ മിസൈലുകളും എക്സ്കാലിബർ ഷെല്ലുകളും വരുന്നു; ഇന്ത്യയുമായി 93 മില്യൺ ഡോളറിൻ്റെ ആയുധ കരാറിന് അംഗീകാരം നല്‍കി യു.എസ്
വാഷിങ്ടൺ: ഇന്ത്യയ്ക്ക് അത്യാധുനിക ടാങ്ക് വേധ മിസൈലുകളും പുതിയ പീരങ്കി റൗണ്ടുകളും കൈമാറാന്‍ യുഎസ്. 93 മില്യൺ ഡോളറിൻ്റെ (ഏകദേശം 775 കോടി രൂപ) ആയുധക്കരാറിന് യുഎസ് അംഗീകാരം നൽകി. ഇതോടെ, രാജ്യത്തിന് പുതിയ ബാച്ച് ജാവലിൻ ആൻ്റി ടാങ്ക് മിസൈലുകളും എക്സ്കാലിബർ പ്രിസിഷൻ ഗൈഡഡ് ആർട്ടിലറി റൗണ്ടുകളും ലഭിക്കും.
പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (DSCA) ആണ് നിർദ്ദിഷ്ട കൈമാറ്റങ്ങൾ സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചത്.
കരാറിലെ പ്രധാന ആയുധങ്ങൾ
DSCA പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 93 മില്യൺ ഡോളറിൻ്റെ പാക്കേജിൽ ഉൾപ്പെടുന്ന പ്രധാന ആയുധങ്ങൾ ഇവയാണ്:
100 എഫ്ജിഎം-148 ജാവലിൻ മിസൈലുകൾ
25 ലൈറ്റ് വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ (CLU)
216 എക്സ്കാലിബർ ഗൈഡഡ് പീരങ്കി റൗണ്ടുകൾ (ഇതിനായി ഏകദേശം 47 മില്യൺ ഡോളർ വിലമതിക്കുന്ന വില്‍പ്പനയ്ക്ക് പ്രത്യേകം അംഗീകാരം നൽകി)
സുരക്ഷാ പരിശോധനകൾ, ഓപറേറ്റർ പരിശീലനം, വിക്ഷേപണ യൂണിറ്റുകൾക്കുള്ള നവീകരണ സേവനങ്ങൾ എന്നിവയും പാക്കേജിൻ്റെ ഭാഗമാണ്.
ലോകത്തിലെ ഏറ്റവും പുതിയതും തോളിൽ നിന്ന് വിക്ഷേപിക്കാവുന്നതുമായ ടാങ്ക് വേധ ആയുധങ്ങളിൽ ഒന്നായാണ് ജാവലിൻ കണക്കാക്കപ്പെടുന്നത്. മൂന്നാം തലമുറയിലെ ‘ടോപ്പ് അറ്റാക്ക് സിസ്റ്റം’ ആണിത്.
ഉക്രെയ്ൻ യുദ്ധമടക്കമുള്ള നിരവധി യുദ്ധക്കളങ്ങളിൽ ജാവലിൻ്റെ ശേഷി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉക്രെയ്നിൽ റഷ്യയുടെ ടി-72, ടി-90 ടാങ്കുകൾ വൻതോതിൽ നശിപ്പിക്കാൻ ജാവലിൻ നിർണായക പങ്ക് വഹിച്ചിരുന്നു. ഈ സംവിധാനം സൈനികർക്ക് യുദ്ധ സാഹചര്യങ്ങളിൽ വേഗത്തിൽ വിന്യസിക്കാൻ സാധിക്കുമെന്നതും ഇന്ത്യയ്ക്ക് ഒരു നേട്ടമാണ്.