27/01/2026

‘മഞ്ഞക്കുപ്പായം നൽകുന്നത് ചാമ്പ്യൻ ഫീൽ’; സിഎസ്‌കെ പ്രവേശനത്തിൽ മനസുതുറന്ന് സഞ്ജു സാംസൺ

 ‘മഞ്ഞക്കുപ്പായം നൽകുന്നത് ചാമ്പ്യൻ ഫീൽ’; സിഎസ്‌കെ പ്രവേശനത്തിൽ മനസുതുറന്ന് സഞ്ജു സാംസൺ

ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ വമ്പൻ കൂടുമാറ്റങ്ങളിലൊന്നിലൂടെ രാജസ്ഥാൻ റോയൽസ് (RR) മുൻ നായകൻ സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിനൊപ്പം (CSK). രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരുൾപ്പെട്ട വമ്പൻ ട്രേഡ് ഡീലിലൂടെയാണ് സഞ്ജു മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. ഈ മാസം 15-നായിരുന്നു ട്രേഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പുതിയ ടീമിലെത്തിയതിന്റെ ആവേശം സഞ്ജു മറച്ചുവെച്ചില്ല. സിഎസ്‌കെ പുറത്തുവിട്ട വീഡിയോയിലാണ് മഞ്ഞ ജേഴ്‌സി അണിഞ്ഞപ്പോഴുണ്ടായ അനുഭവം താരം പങ്കുവെച്ചത്.
“ഈ ജേഴ്‌സി അണിയാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. സാധാരണയായി കറുപ്പ്, നീല, ബ്രൗൺ തുടങ്ങിയ ഇരുണ്ട നിറങ്ങളാണ് എനിക്ക് പ്രിയപ്പെട്ടത്. എന്നാൽ മഞ്ഞ ജേഴ്‌സി അണിഞ്ഞപ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ലഭിച്ചത്. ഇതൊരു ‘ചാമ്പ്യൻ ഫീൽ’ നൽകുന്നു. തീർച്ചയായും ഇതൊരു മികച്ച അനുഭവമാണ്. ഈ നിമിഷത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്” സഞ്ജു പറഞ്ഞു.

ഒരു പതിറ്റാണ്ടിലേറെയായി രാജസ്ഥാൻ റോയൽസിന്റെ മുഖമായിരുന്നു സഞ്ജു. 11 സീസണുകളിലായി ഫ്രാഞ്ചൈസിക്കുവേണ്ടി 4,027 റൺസാണ് താരം അടിച്ചുകൂട്ടിയത്. 2022ൽ ടീമിനെ ഫൈനലിലെത്തിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.
“ഫ്രാഞ്ചൈസിക്കുവേണ്ടി എന്റെ എല്ലാം ഞാൻ നൽകി. മികച്ച ക്രിക്കറ്റ് ആസ്വദിച്ചു. എന്നാൽ മുന്നോട്ട് പോകാൻ ഉചിതമായ സമയം ഇതാണെന്ന് തോന്നി,”-രാജസ്ഥാനുമായുള്ള ബന്ധം പിരിയുന്നതിനെക്കുറിച്ച് സഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു.

ടീം മാറാനുള്ള സഞ്ജുവിന്റെ തീരുമാനത്തെ രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെയും പിന്തുണച്ചു. ടീം വിടാനുള്ള ആഗ്രഹം സഞ്ജു അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ടുവെന്ന് ബദാലെ പറഞ്ഞു. “ക്യാപ്റ്റനെന്ന നിലയിൽ 2022-ൽ കിരീടത്തിനടുത്തെത്തിയിട്ടും അത് നഷ്ടപ്പെട്ടത് സഞ്ജുവിനെ വൈകാരികമായി തളർത്തിയിരുന്നു,” ബദാലെ കൂട്ടിച്ചേർത്തു.

Also read: