ഷാരൂഖ് ഖാന്‍ ആരാണെന്ന് 2050ല്‍ ആളുകള്‍ ചോദിക്കും -വിവേക് ഒബ്‌റോയ്
ഹിന്ദി സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍മാരിലൊരാളായ ഷാരൂഖ് ഖാനെക്കുറിച്ച് ഭാവി തലമുറകള്‍ക്ക് പോലും അറിവില്ലാത്ത അവസ്ഥ വരാമെന്ന് നടന്‍ വിവേക് ഒബ്‌റോയ് അഭിപ്രായപ്പെട്ടു.
1960കളില്‍ പുറത്തിറങ്ങിയ സിനിമകളെക്കുറിച്ച് ഇന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ. ചരിത്രം നമ്മളെല്ലാവരെയും ഒന്നുമില്ലായ്മയിലേക്ക് തള്ളിവിടും. 2050ല്‍ പോലും ആളുകള്‍ ആരാണ് ഷാരൂഖ് ഖാന്‍
എന്ന ചോദ്യമുയരാന്‍ പോലും സാധ്യതയുണ്ടെന്ന് പിങ്ക്‌വില്ലയുമായുള്ള അഭിമുഖത്തില്‍ വിവേക് പറഞ്ഞു.
ഷാരൂഖ് ഖാന്‍ അടുത്തിടെ തന്റെ 60ാം പിറന്നാള്‍ മുംബൈയില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ആരാധകരോടൊപ്പം ആഘോഷിച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍, ആറ്റ്‌ലിയുടെ ജവാന്‍ ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയും അത് അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരമായി മാറുകയും ചെയ്തു.
അതേ സമയം, പ്രശസ്തിയുടെ നശ്വരതയെ ഉദാഹരിച്ച് വിവേക് ഒബ്‌റോയ് രാജ് കപൂറിനെ കുറിച്ചും അഭിപ്രായപ്പെട്ടു. ഇന്നത്തെ പല ചെറുപ്പക്കാര്‍ക്കും രാജ് കപൂര്‍ ആരാണെന്ന് പോലും അറിയില്ല. നിങ്ങള്‍ക്കും എനിക്കും അദ്ദേഹം സിനിമയുടെ ദൈവം ആണെന്ന് അറിയാമെങ്കിലും, രണ്‍ബീര്‍ കപൂറിന്റെ ആരാധകര്‍ക്ക് പോലും രാജ് കപൂര്‍ പരിചിതനല്ലായിരിക്കാം. ചരിത്രം ഒടുവില്‍ എല്ലാവരെയും മറക്കും, എന്നും അദ്ദേഹം പറഞ്ഞു.