ഗള്‍ഫ് കറന്‍സികള്‍ റെക്കോര്‍ഡില്‍: പ്രവാസികള്‍ക്ക് ‘കോളടിച്ചു’, പണമയയ്ക്കാന്‍ സുവര്‍ണാവസരം
ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെ, യുഎഇ, സൗദി, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കുന്നത് റെക്കോര്‍ഡ് നേട്ടമായി. കഴിഞ്ഞ വാരാന്ത്യത്തിന് തൊട്ടുമുമ്പ് യുഎഇയിലെ ചില എക്സ്ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 24.26 രൂപ എന്ന നിരക്ക് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ വിനിമയ നിരക്ക് 24.40 രൂപ വരെ ഉയര്‍ന്ന് തുടരുകയാണ്.
വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 89.43 രൂപയായി ഇടിഞ്ഞതാണ് ദിര്‍ഹം ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയരാന്‍ കാരണമായത്. ഡോളറിന്റെ ആഗോള ഡിമാന്‍ഡ് വര്‍ധിച്ചതും, യുഎസിലെ പലിശനിരക്ക് ഇളവ് സംബന്ധിച്ച പ്രതീക്ഷകള്‍ മങ്ങിയതും, വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതുമാണ് രൂപയ്ക്ക് കനത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചത്.
ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും രൂപയുടെ ഈ ദൗര്‍ബല്യം നിലനിര്‍ത്തുന്നത് പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാണ്. ഒരു ദിര്‍ഹത്തിന് മുന്പത്തേക്കാള് വളരെ കൂടുതല്‍ ഇന്ത്യന്‍ രൂപ ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ 1.41 രൂപയുടെയും, അഞ്ചു വര്‍ഷത്തിനിടെ 2.28 രൂപയുടെയും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഖത്തര്‍ റിയാല്‍, സൗദി റിയാല്‍, ഒമാന്‍ റിയാല്‍, ബഹ്റൈന്‍ ദിനാര്‍, കുവൈത്ത് ദിനാര്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് കറന്‍സികളും സമാനമായ ഉയര്‍ന്ന വിനിമയ നിരക്കിലാണ് തുടരുന്നത്.
ശമ്പളം ലഭിക്കുന്നതുവരെ ഈ ഉയര്‍ന്ന നിരക്ക് നിലനില്ക്കുമെങ്കില് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം സ്വീകരിക്കുന്ന രാജ്യമെന്ന നിലയില്‍, രൂപയുടെ ഇപ്പോഴത്തെ ഈ നില പ്രവാസി സമൂഹത്തിന് വലിയ സാമ്പത്തിക ഗുണമാണ് നല്‍കുന്നത്.
അതേസമയം, രൂപയുടെ മൂല്യമിടിവ് ഇന്ത്യയുടെ ഇറക്കുമതി മേഖലയ്ക്ക് വെല്ലുവിളിയാണ്. ക്രൂഡ് ഓയില്‍, സ്വര്‍ണം, ഇലക്ട്രോണിക്സ്, അസംസ്കൃത വസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ രാജ്യം കൂടുതല്‍ പണം നല്‍കേണ്ടി വരും. ഇത് പണപ്പെരുപ്പ സാധ്യത വര്‍ധിപ്പിക്കുകയും കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവയില്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുകയും ചെയ്യും. വിദേശത്ത് പഠിക്കുന്നവര്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും ഇത് ചെലവ് വര്‍ധിപ്പിക്കും.