31/03/2026
[fontresizer_tawhidurrahmandear_widget]

മുംബൈ തെരുവില്‍ ബാഗുകള്‍ വിറ്റുനടന്ന അച്ഛനും മകനും; ഇന്ന് 250 കോടി ആസ്തിയുള്ള കമ്പനിയുടെ ഉടമകള്‍

 മുംബൈ തെരുവില്‍ ബാഗുകള്‍ വിറ്റുനടന്ന അച്ഛനും മകനും; ഇന്ന് 250 കോടി ആസ്തിയുള്ള കമ്പനിയുടെ ഉടമകള്‍

മുംബൈ: ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നുപോയ ഒരു അച്ഛനും മകനും, അവിടുന്ന് പാഠം പഠിച്ച് ഇന്ത്യയിലെ പ്രമുഖ ബാഗ് നിര്‍മ്മാണ കമ്പനികളിലൊന്നിന്റെ അമരക്കാരായ അവിശ്വസനീയമായ വിജയഗാഥയാണിത്. ‘ഹൈ സ്പിരിറ്റ് കൊമേഴ്സ്യല്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന 250 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയുടെ സ്ഥാപകരായ തുഷാര്‍ ജെയിന്‍, അദ്ദേഹത്തിന്റെ പിതാവ് മൂല്‍ചന്ദ് ജെയിന്‍ എന്നിവരുടെ അസാധാരണമായ പോരാട്ടവീര്യത്തിന്റെ കഥ കൂടിയാണത്.

ജാര്‍ഖണ്ഡില്‍ ബിസിനസുകാരനായിരുന്ന മൂല്‍ചന്ദിന്റെയും മകന്‍ തുഷാറിന്റെയും സാമ്പത്തിക അടിത്തറ തകര്‍ത്തത് 1992-ലെ പ്രമാദമായ ഹര്‍ഷദ് മേത്ത കുംഭകോണമായിരുന്നു. ഈ തട്ടിപ്പില്‍ നിക്ഷേപങ്ങളെല്ലാം നഷ്ടപ്പെട്ടതോടെ, കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അതിജീവനത്തിനായി, അവര്‍ മുംബൈയിലേക്ക് എത്തുകയും നഗരത്തിന്റെ തെരുവുകളില്‍ നേരിട്ട് ബാഗുകള്‍ വിറ്റ് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു.

അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോയ ഈ പിതാവും മകനും ചേര്‍ന്ന് 1999-ല്‍ ‘ഹൈ സ്പിരിറ്റ് കൊമേഴ്സ്യല്‍ വെഞ്ച്വേഴ്സ്’ എന്ന സ്ഥാപനം ആരംഭിച്ചു. ജാര്‍ഖണ്ഡില്‍ 300 കടകളിലേക്ക് പ്രവര്‍ത്തനം വികസിപ്പിച്ച ശേഷം, കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ട് 2002ല്‍ അവര്‍ മുംബൈയിലേക്ക് ആസ്ഥാനം മാറ്റി.

2006-ല്‍ പ്രധാന ക്ലയന്റുമാര്‍ക്കായി കസ്റ്റമൈസ്ഡ് ബാഗുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. 2007 ആയപ്പോഴേക്കും സ്വന്തമായി ഫാക്ടറികള്‍ സ്ഥാപിച്ചു. ദിവസവും 3,000 മുതല്‍ 4,000 വരെ ബാഗുകള്‍ ഉത്പാദിപ്പിച്ചുകൊണ്ട് കമ്പനി ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ചു.

ഇന്ന്, ഇന്ത്യയിലുടനീളം 10 പ്രാദേശിക ഓഫീസുകളുള്ള ഹൈ സ്പിരിറ്റ് കൊമേഴ്സ്യല്‍ വെഞ്ച്വേഴ്സ്, രാജ്യത്തെ നാലാമത്തെ വലിയ ബാഗ്, ബാക്ക്പാക്ക് വില്‍പ്പനക്കാരായി മാറി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ തുഷാര്‍ ജെയിന്‍ 2017ല്‍ ‘ട്രാവേള്‍ഡ്’, ‘ഹാഷ്ടാഗ്’ എന്നീ ബ്രാന്‍ഡുകളും അവതരിപ്പിച്ചു. പ്രശസ്ത നടി സോനം കപൂറിനെ ട്രാവേള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചു.

അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 1,000 കോടി രൂപയുടെ വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ബിഹാറിലെ പട്നയില്‍ ഒരു അത്യാധുനിക ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. ഇവിടെ പ്രതിവര്‍ഷം 25 ലക്ഷം ബാഗുകള്‍ നിര്‍മിക്കാനാണ് പദ്ധതി.

വലിയ തകര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏത് പ്രതിസന്ധിയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാകുമെന്ന് തുഷാര്‍ ജെയിന്‍രെയു പിതാവിന്റെയും ജീവിതം പഠിപ്പിക്കുന്നു

Also read: