‘എല്ലാം ഒന്ന് അടങ്ങട്ടെ, ഇറാന്റെ ആണവ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കും’; സമാധാന ശ്രമങ്ങള്‍ക്കിടെ ട്രംപിന്റെ വിവാദ പ്രസ്താവന
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ സമാധാന കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, പുതിയ വിവാദ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ‘ന്യൂക്ലിയര്‍ ഡസ്റ്റ്’ (സമ്പുഷ്ട യുറേനിയം ശേഖരം) അമേരിക്ക പിടിച്ചെടുത്ത് പൂര്‍ണമായും നശിപ്പിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാന്റെ ആണവ ശേഷിപ്പുകള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്നും പിന്നീട് ഇരു രാജ്യങ്ങളിലും വെച്ച് അവ ഇല്ലാതാക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ബി-2 ബോംബറുകളുടെയും പൈലറ്റുമാരുടെയും സഹായത്തോടെ, ഗ്രാനൈറ്റ് പര്‍വതങ്ങളുടെ ആഴങ്ങളില്‍ മറവുചെയ്തിരിക്കുന്ന ആണവ അവശിഷ്ടങ്ങള്‍ കൈവശപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഭാവിയിലെ ഭീഷണി ഒഴിവാക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ കൈവശമുള്ള ഉയര്‍ന്ന അളവില്‍ സമ്പുഷ്ടമാക്കിയ യുറേനിയത്തെക്കുറിച്ചാണ് ട്രംപ് പരാമര്‍ശിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇറാന്റെ ആണവ വസ്തുക്കള്‍ സുരക്ഷിതമായി കൈമാറുന്നതും നശിപ്പിക്കുന്നതും ചര്‍ച്ചകളിലെ ഏറ്റവും സങ്കീര്‍ണമായ വിഷയങ്ങളിലൊന്നായി തുടരുകയാണ്. ഇസ്ഫഹാനിലെ പ്രധാന ആണവ കേന്ദ്രത്തിലേക്ക് ഇറാന്‍ തന്നെ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തുരങ്കങ്ങള്‍ തടസ്സപ്പെടുത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹോര്‍മുസ് കടലിടുക്ക് അടച്ചതും എണ്ണക്കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതും ആഗോള ഊര്‍ജ വിപണിയെ ബാധിച്ച പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും സമാധാന ധാരണയിലെത്താന്‍ ശ്രമിക്കുന്നത്. കരാര്‍ ഒപ്പുവെച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്നും ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്നും ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, കരാര്‍ അന്തിമമായെന്ന വാദം ഇറാന്‍ അംഗീകരിച്ചിട്ടില്ല.
കരാറിന്റെ രൂപരേഖയില്‍ പുരോഗതിയുണ്ടെന്ന് സൂചിപ്പിക്കുമ്പോഴും ഇറാന്‍ വിദേശകാര്യമന്ത്രാലയം ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഉപരോധങ്ങളില്‍ ഇളവും മരവിപ്പിച്ച ആസ്തികളും ഇറാന് തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഗള്‍ഫ് മേഖലയിലെ സുരക്ഷയെയും ആഗോള എണ്ണവിലയെയും സ്വാധീനിക്കുന്ന ഈ ചര്‍ച്ചകള്‍ക്കിടെ ട്രംപ് നടത്തിയ ‘ന്യൂക്ലിയര്‍ ഡസ്റ്റ്’ പരാമര്‍ശത്തെ ലോകരാഷ്ട്രങ്ങള്‍ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. സമാധാന കരാറിന്റെ ഭാവി വരും ദിവസങ്ങളില്‍ വ്യക്തമാകും.