ജിയാനി ഇൻഫാന്റിനോയ്ക്ക് പണി വരുന്നു? യൂറോപ്യൻ പാർലമെന്റിൽ സുപ്രധാന നീക്കം
ബ്രസൽസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെ യു.എസ് ഫുട്‌ബോൾ താരത്തിന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കിയ സംഭവത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ അന്വേഷണത്തിന് സാധ്യത. വിഷയത്തിൽ ഇൻഫാന്റിനോക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യൂറോപ്യൻ പാർലമെന്റിലെ ഡസൻ കണക്കിന് എം.പിമാർ പിന്തുണ സമാഹരിക്കുന്നതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ, രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഫാന്റിനോക്കെതിരെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയിലും അന്വേഷണം നേരിടേണ്ടി വന്നേക്കും.
കഴിഞ്ഞ ജൂലൈ ഒന്നിന് ബോസ്‌നിയ-ഹെർസഗോവിനയ്‌ക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിലാണ് അമേരിക്കൻ സ്‌െ്രെടക്കറായ ഫൊളാരിൻ ബലോഗുന് റഫറി ചുവപ്പ് കാർഡ് നൽകിയത്. നിയമപ്രകാരം അടുത്ത മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ 25കാരനായ ഈ താരത്തിന് വേണ്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ഇൻഫാന്റിനോയുമായി സംസാരിക്കുകയും, ഇതിന് പിന്നാലെ വിലക്ക് നീക്കി തിങ്കളാഴ്ച നടന്ന മത്സരത്തിൽ കളിക്കാൻ ഫിഫ താരത്തിന് അനുമതി നൽകുകയുമായിരുന്നു. ടൂർണമെന്റിനിടയിൽ ചുവപ്പ് കാർഡ് നിയമങ്ങൾ മാറ്റിമറിച്ച ഫിഫയുടെ തീരുമാനം ലജ്ജാകരമാണെന്നും, ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും യൂറോപ്യൻ പാർലമെന്റ് അംഗങ്ങളായ ബാരി ആൻഡ്രൂസ്, ലാറ വോൾട്ടേഴ്‌സ്, നീൽസ് ഫുഗൽസാങ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ ഇൻഫാന്റിനോയും ഫിഫയും കീഴടങ്ങുന്നതാണ് വീണ്ടും കണ്ടതെന്നും അവർ വിമർശിച്ചു.
ഇൻഫാന്റിനോക്കെതിരെ ഫിഫയുടെ എത്തിക്‌സ് കമ്മിറ്റിയെക്കൊണ്ട് അന്വേഷണം നടത്തിക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ദേശീയ ഫുട്‌ബോൾ അസോസിയേഷനുകളോട് എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്ക് നീക്കാൻ ട്രംപിന്റെ സമ്മർദ്ദമുണ്ടായോ എന്നതിനൊപ്പം മുൻപ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം നൽകിയതടക്കമുള്ള വിഷയങ്ങളും അന്വേഷിക്കണമെന്നാണ് ആവശ്യം. കായികരംഗത്തെ നിഷ്പക്ഷത സംബന്ധിച്ച നിയമങ്ങൾ ഇൻഫാന്റിനോ ലംഘിച്ചുവെന്ന് കാണിച്ച് ലണ്ടൻ ആസ്ഥാനമായുള്ള സ്‌പോർട്‌സ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് എൻ.ജി.ഒ ആയ ‘ഫെയർസ്‌ക്വയർ’ ആണ് ഐ.ഒ.സിക്ക് പരാതി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 2020 മുതൽ ഐ.ഒ.സിയിലെ പ്രത്യേക അംഗമാണ് ഇൻഫാന്റിനോ. ഔദ്യോഗികമായി പരാതി ലഭിച്ചാൽ തീർച്ചയായും അതിൽ പരിശോധന നടത്തുമെന്ന് ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കവെൻട്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, താരത്തിന്റെ വിലക്ക് നീക്കിയത് തങ്ങളുടെ അച്ചടക്ക സമിതിയുടെ സ്വതന്ത്ര തീരുമാനമാണെന്നാണ് ഫിഫയുടെ വിശദീകരണം.