ട്രെയിന്‍ ട്രാക്കില്‍ 60 കി.മീറ്റര്‍ വേഗതയില്‍ ഓടും ബസ്! ലോകത്തെ ആദ്യ ഡ്യുവല്‍ മോഡ് വാഹനം അവതരിപ്പിച്ച് ജപ്പാന്‍
ടോക്യോ: ലോകത്ത് ആദ്യമായി, ബസ് പോലെ സാധാരണ റോഡുകളിലൂടെയും ട്രെയിന്‍ പോലെ റെയില്‍വേ ട്രാക്കുകളിലൂടെയും ഓടാന്‍ കഴിയുന്ന ഡ്യുവല്‍ മോഡ് വെഹിക്കിള്‍ (ഡിഎംവി) പുറത്തിറക്കി ജപ്പാന്‍. സാങ്കേതിക വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്ന ഈ വാഹനം ഗതാഗത രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിടും.
സ്വകാര്യ പൊതു റെയില്‍വേ കമ്പനിയായ ആസ കോസ്റ്റ് റെയില്‍വേയാണ് ഈ അത്ഭുത വാഹനം കൈകാര്യം ചെയ്യുന്നത്. ഡിഎംവിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അതിവേഗത്തിലുള്ള രൂപമാറ്റമാണ്. ബസ് മോഡില്‍ നിന്ന് ട്രെയിന്‍ മോഡിലേക്ക് മാറാന്‍ ഡിഎംവിക്ക് വെറും 15 സെക്കന്‍ഡ് സമയം മതിയാകും.
ഈ ചെറുവാഹനത്തില്‍ 21 പേര്‍ക്ക് വരെ യാത്ര ചെയ്യാം. ട്രെയിന്‍ ട്രാക്കുകളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും, റോഡുകളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയും വേഗതയില്‍ ഡിഎംവി സഞ്ചരിക്കും. അവകൈനാന്‍, കണ്ണൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ വെച്ച് ഡിഎംവിയുടെ മോഡ് മാറ്റം യാത്രക്കാര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കും.
ഡിഎംവി സര്‍വീസ് പ്രധാനമായും ജപ്പാനിലെ വിവിധ ടൗണുകളെയും സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവാകൈനാന്‍, കൈഫു, ഷിഷികുയി, കണ്ണൂര്‍, ഉമിനോയികി ടോയോ ടൗണ്‍, മിഷിനോയികി ഷിഷികുയി ഓണ്‍സെന്‍ എന്നിവയെ ബന്ധിപ്പിച്ചാണ് ഡിഎംവി ഓടുന്നത്. യാത്രാ നിരക്ക് ദൂരത്തിനനുസരിച്ച് 200 യെന്‍ മുതല്‍ 800 യെന്‍ വരെയാണ് (ഏകദേശം 100 മുതല്‍ 450 രൂപ വരെ).
ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളില്‍ സര്‍വീസ് മുറോട്ടോ ഹൈകൗ സുയിസോകുക്കന്‍, മുറോട്ടോ സെകായ് ജിയോപാര്‍ക്ക് സെന്റര്‍, മുറോട്ടോ മിസാക്കി, ഉമിനോകി ടൊറോമു തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നീട്ടും. ദൂരക്കൂടുതലുള്ള യാത്രകള്‍ക്ക് ഏകദേശം 2400 യെന്‍ വരെയാണ് നിരക്ക്.
ഗ്രാമപ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും യാത്രാച്ചെലവ് കുറയ്ക്കുന്നതിനും ഈ ഡ്യുവല്‍ മോഡ് വെഹിക്കിള്‍ സഹായകമാകും എന്നാണ് കരുതുന്നത്.