ബിജെപി നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ശിവസേനയുടെ ‘കൗണ്ടര്‍ സ്‌ട്രൈക്ക്’; മഹാരാഷ്ട്രയില്‍ ‘മഹായുതി’ സഖ്യത്തില്‍ പോര് മുറുകുന്നു
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ പോര് മുറുകുന്നു. സേന നേതാക്കളെ ചാക്കിട്ടുപിടിച്ച് ബിജെപി തുടക്കമിട്ട പോരിന് ശിവസേന തന്നെ തിരിച്ചടിയുമായി കളത്തിലിറങ്ങിയിരിക്കുകയാണിപ്പോള്‍. സമീപ കാലത്തായി തങ്ങളുടെ നിരവധി കൗണ്‍സിലര്‍മാരെ ബി.ജെ.പി പാളയത്തിലെത്തിച്ചതിനു പിന്നാലെയാണ്, എതിരാളികളുടെ തട്ടകത്തില്‍ നിന്ന് അംഗങ്ങളെ തിരികെ കൊണ്ടുവന്ന് ശിവസേന ശക്തി തെളിയിച്ചത്. (Poaching fight intensifies in Maharashtra’s Mahayuti alliance, Shiv Sena-BJP tussle)
ബി.ജെ.പിയില്‍ അംഗത്വമെടുത്തിരുന്ന രണ്ട് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ട് ഔദ്യോഗികമായി ശിവസേനയിലേക്ക് മടങ്ങിയെത്തി. താനെയിലെ ഓവാല-മാജിവാഡ, വാഗ്ലെ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള കൗണ്‍സിലര്‍മാരാണ് ബി.ജെ.പി വിട്ട് വീണ്ടും ശിവസേനയുടെ ഭാഗമായത്. ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക്, മുന്‍ മേയര്‍ നരേഷ് മസ്‌കെ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശിവസേനയുടെ അംബര്‍നാഥ് വിഭാഗ് പ്രമുഖും ജ്വല്ലേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ രൂപസിങ് ധലിനെ ബി.ജെ.പിയിലേക്ക് ചേര്‍ത്തുകൊണ്ട് ആദ്യ നീക്കമുണ്ടായത്. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എം.പി ആയ കല്യാണ്‍ ലോക്സഭാ മണ്ഡലത്തില്‍ നേരത്തെ നടന്ന ചാക്കിട്ടുപിടിത്തത്തിനു പിന്നാലെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തിയിരുന്നു.
എന്നാല്‍, ഈ ധാരണ ലംഘിച്ചുകൊണ്ടാണ് ധലിനെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നടക്കുന്ന ഈ നീക്കത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കല്യാണ്‍ എം.എല്‍.എയുമായ രവീന്ദ്ര ചവാനെയാണ് ശിവസേന കുറ്റപ്പെടുത്തുന്നത്. ചവാന്റെ സാന്നിധ്യത്തിലായിരുന്നു ധലിന്റെ പാര്‍ട്ടി പ്രവേശനം.
ചൊവ്വാഴ്ചത്തെ നീക്കത്തിന് മറുപടിയായി, ബുധനാഴ്ച ശിവസേന ശക്തമായ തിരിച്ചടി നല്‍കി. ബി.ജെ.പിയുടെ ന്യൂനപക്ഷ വനിതാ വിഭാഗം പ്രസിഡന്റ് റോസലിന്‍ ഫെര്‍ണാണ്ടസിനെ, നിരവധി വനിതാ ഭാരവാഹികള്‍ക്കൊപ്പം ശിവസേനയിലെത്തി. ശിവസേനയുടെ അംബര്‍നാഥ് സിറ്റി പ്രസിഡന്റ് അരവിന്ദ് വലേക്കറുടെ സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ്.
‘ബി.ജെ.പി ഞങ്ങളുടെ പ്രവര്‍ത്തകരെ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍, അതിനനുസരിച്ച് ഞങ്ങള്‍ പ്രതികരിക്കും,’ വലേക്കര്‍ പറഞ്ഞു. തങ്ങളെ അംബര്‍നാഥിലെ ബി.ജെ.പി നേതൃത്വം അന്യായമായിട്ടാണ് പരിഗണിച്ചതെന്നും, അതുകൊണ്ടാണ് തങ്ങള്‍ ശിവസേനയില്‍ ചേര്‍ന്നതെന്നും റോസലിന്‍ ഫെര്‍ണാണ്ടസ് പ്രതികരിച്ചു.