എക്‌സിലെ ശുദ്ധികലശം: റൊണാൾഡോയ്ക്ക് നഷ്ടം 90 ലക്ഷം ഫോളോവേഴ്‌സ്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വ്യാജ അക്കൗണ്ടുകൾക്കെതിരെ നടക്കുന്ന കർശന നടപടിയിൽ ലോകപ്രശസ്തരായ വ്യക്തികൾക്ക് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നഷ്ടമായി. ‘ദി ഗ്രേറ്റ് പർജ് ഓഫ് 2025’ (2025-ലെ വലിയ ശുചീകരണം) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നടപടി നവംബർ പകുതിയോടെയാണ് ആരംഭിച്ചത്. ഇൻആക്റ്റീവ് അക്കൗണ്ടുകൾ, സ്പാം, ബോട്ട് (യന്ത്രസ സഹായത്താൽ പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടുകൾ) എന്നിവ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്.
ഈ നടപടിയിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് കായിക ലോകത്ത് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 90 ലക്ഷം (9 മില്യൺ) ഫോളോവേഴ്‌സിനെയാണ് അദ്ദേഹത്തിന് നഷ്ടമായത്. ഇതോടെ 115 മില്യണിലേറെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഫോളോവർ നിരക്ക് 106 മില്യണിലേക്ക് താഴ്ന്നു.
പോപ്പ് താരം ജസ്റ്റിൻ ബീബറിനാണ് എക്സിൻ്റെ നടപടിയിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. 1.2 മില്യൺ ഫോളോവേഴ്സ് ബീബറിന് നഷ്ടമായി. കാറ്റി പെറി, റിഹാന (ഇരുവരും 10 മില്യൺ വീതം), ടെയ്‌ലർ സ്വിഫ്റ്റ് (6-7 മില്യൺ) എന്നിവരും പട്ടികയിലുണ്ട്. എക്സ് ഉടമ ഇലോൺ മസ്കിന് 2-3 മില്യൺ ഫോളോവേഴ്‌സിനെ നഷ്ടമായി. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുടെ അക്കൗണ്ടുകളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി.
ഇന്ത്യയിലെ എക്സ് ഉപയോക്താക്കളിൽ മുൻപന്തിയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് അക്കൗണ്ടിനെയും ശുചീകരണം ബാധിച്ചു. ഒക്ടോബറിൽ 108.6 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന മോദിക്ക് നവംബറിൽ മാത്രം ഒരു മില്യണും രണ്ട് മില്യണുമിടയിൽ ഫോളോവേഴ്‌സിനെയാണ് നഷ്ടമായത്. വിരാട് കോലി (1 മില്യൺ), ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ (5 ലക്ഷം – 9 ലക്ഷം) എന്നിവർക്കും ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നഷ്ടമായിട്ടുണ്ട്.
പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി ‘ബോട്ടുകളെ’ നീക്കം ചെയ്യുന്ന നടപടി തുടരുമെന്നാണ് എക്സ് വ്യക്തമാക്കുന്നത്. ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞെങ്കിലും പ്ലാറ്റ്‌ഫോമിലെ യഥാർത്ഥ ഇടപെടലുകൾ (Engagement) 15 ശതമാനം വർധിച്ചിട്ടുണ്ടെന്നും അധികൃതർ അവകാശപ്പെടുന്നു.