10/06/2026
[fontresizer_tawhidurrahmandear_widget]

സിഡ്നിയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

 സിഡ്നിയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വ്യോമാഭ്യാസ പ്രകടനങ്ങൾക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. പ്രശസ്ത വൈമാനികന്‍ എയറോബാറ്റിക് പൈലറ്റ് എഡ്ഡി സെവ് ആണ് കൊല്ലപ്പെട്ടത്. സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ വെഡ്ഡർബേൺ നാപ്പർഫീൽഡ് എയർഫീൽഡിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു ദാരുണമായ അപകടം.

നാല് വിമാനങ്ങൾ പങ്കെടുത്ത എയര്‍ ഷോ അഭ്യാസത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. എഡ്ഡി സെവ് പറത്തിയ വാൻസിന്റെ എയർക്രാഫ്റ്റ് ആർവി7 (RV7) വിമാനം കൂട്ടിയിടിയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ച് കുറ്റിക്കാട്ടിൽ തകരുകയായിരുന്നു. വിമാനത്തിൽ സെവ് മാത്രമാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.

കൂട്ടിയിടിയിൽപ്പെട്ട രണ്ടാമത്തെ വിമാനം പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ഈ വിമാനത്തിലെ പൈലറ്റിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു.

എയർഷോകളിലെ നിറസാന്നിധ്യമായിരുന്ന എഡ്ഡി സെവ്, പ്രമുഖ വ്യോമാഭ്യാസ സംഘമായ ഫ്രീഡം ഫോർമേഷൻ ഡിസ്‌പ്ലേ ടീമിന്റെ സ്ഥാപകരിലൊരാളാണ്. അപകടം വ്യോമയാന സമൂഹത്തില്‍ വലിയ ഞെട്ടലായി മാറിയിട്ടുണ്ട്.

വിമാനാപകടത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Also read: