‘ഡ്രൈവർ ആരെയും രക്ഷിക്കാൻ ശ്രമിച്ചില്ല’; സൗദി ബസ് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് അബ്ദുൽ ഷുഐബ്
മദീന: ഉംറ തീർത്ഥടനത്തിനിടെ സൗദി അറേബ്യയിൽ വെച്ചുണ്ടായ ബസ് ദുരന്തത്തിൽ രക്ഷപ്പെട്ട ഏക യാത്രക്കാരനായ മുഹമ്മദ് അബ്ദുൾ ഷുഐബ്, ആഴ്ചകൾ നീണ്ട ചികിത്സക്കു ശേഷം ഹൈദരാബാദിൽ തിരിച്ചെത്തി. നവംബർ 17-ന് 45 പേരുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കുന്ന നിമിഷങ്ങൾ 24-കാരനായ ഷുഐബ് പങ്കുവച്ചു. ദുരന്തത്തിൽ ഷുഐബിന് മാതാപിതാക്കളും പിതാമഹനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നഷ്ടമായിരുന്നു.
ഉംറ പൂർത്തിയാക്കി 46 തീർത്ഥാടകരുമായി മദീനയിലേക്ക് പോകുകയായിരുന്ന ബസ് പുലർച്ചെ ഒന്നരയോടെ മദീനയ്ക്ക് സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്. വേഗം കുറച്ച ബസ്സിനു പിന്നിൽ ടാങ്കർ ട്രക്ക് വന്നിടിക്കുകയും അഗ്നിബാധയിൽ യാത്രക്കാർ മരിക്കുകയുമായിരുന്നു. ഹൈദരാബാദിലെ ബസാർ ഘട്ട് മേഖലയിൽ നിന്നുള്ളവരായിരുന്നു മരിച്ചവരിൽ ഭൂരിഭാഗവും.
“മദീനയിലേക്കുള്ള യാത്രാമധ്യേ, ഒരു യാത്രക്കാരൻ മൂത്രമൊഴിക്കുന്നതിനായി ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെട്ടു. ബസ് നിർത്തിയ ഉടൻ പിന്നിൽ നിന്ന് ഒരു ടാങ്കർ വന്ന് ഇടിക്കുകയായിരുന്നു,” ഷുഐബ് പറഞ്ഞു.
ഡീസൽ ടാങ്കറുമായുള്ള കൂട്ടിയിടി നിമിഷങ്ങൾക്കകം ബസിൽ അതിശക്തമായ തീ പടരാൻ കാരണമായി. ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നതിനാൽ പുറത്ത് കടക്കാൻ കഴിഞ്ഞില്ല.
“ഡ്രൈവർ ജനലിലൂടെ പുറത്തുചാടി രക്ഷപ്പെട്ടു. യാത്രക്കാരെ ആരെയും സഹായിക്കാൻ അദ്ദേഹം ശ്രമിച്ചില്ല.” ഷുഐബ് പറയുന്നു. തീ അതിവേഗം പടരുന്നതിനിടെ താനും അതേ ജനലിലൂടെ പുറത്തുചാടുകയായിരുന്നു എന്നും അതിനിടെ വസ്ത്രങ്ങളിൽ തീ പിടിക്കുകയും ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. മദീനയിലെ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മദീന സന്ദർശിച്ച ശേഷമാണ് ഷുഐബ് നാട്ടിലേക്ക് മടങ്ങിയത്.
ബസ്സിലുണ്ടായിരുന്ന 46 പേരിൽ ജീവനോടെ ശേഷിച്ചത് ഷുഐബ് മാത്രമാണ്. പിതാവ് മുഹമ്മദ് ഖാദർ (56), മാതാവ് ഗൗസിയ ബീഗം (46), പിതാമഹൻ മുഹമ്മദ് മൗലാന എന്നിവർ ഉൾപ്പെടെ നിരവധി ബന്ധുക്കൾ മരണപ്പെട്ടു. ഉംറയ്ക്കു ശേഷം മക്കയിൽ തങ്ങിയ ഷുഐബിന്റെ ഇളയ സഹോദരൻ മുഹമ്മദ് അബ്ദുൽ സമീർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി ഇൻഷുറൻസ് പോളിസി പ്രകാരം 23 ലക്ഷം രൂപ വരെ അധിക ധനസഹായവും ലഭിക്കുമെന്നാണ് കരുതുന്നത്. തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസറുദ്ദീൻ ഉൾപ്പെടെയുള്ള ഉന്നതതല സംഘം സൗദിയിലെത്തുകയും മൃതദേഹങ്ങൾ ജന്നത്തുൽ ബഖീഇൽ മറവ് ചെയ്യുന്നതിനുള്ള ഏകോപനം നടത്തുകയും ചെയ്തിരുന്നു