ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസു ജയിലില്‍ തുടരും; ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു.
പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് വാസു ജാമ്യം തേടിയതെങ്കിലും, പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ച് കോടതി ആവശ്യം അംഗീകരിച്ചില്ല. പ്രതി സ്വാധീനമുള്ളയാളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സ്വർണം പൂശിയ കട്ടിളപ്പാളികൾ 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ അത് ചെമ്പെന്ന് രേഖപ്പെടുത്തിയത് എൻ വാസുവിന്റെ അറിവോടെയാണെന്നാണ് കേസ് അന്വേഷിക്കുന്ന എസ്‌ഐടി കണ്ടെത്തിയത്. ഗൂഢാലോചനയിൽ വാസുവിന് പങ്കുണ്ടെന്നും എസ്‌ഐടി അറിയിച്ചിരുന്നു.
ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ഇനി മേൽക്കോടതിയെ സമീപിക്കേണ്ടി വരും. അതിനിടെ, അറസ്റ്റിലായ മറ്റൊരു പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, ഇദ്ദേഹത്തെ കോടതിയിൽ ഇന്ന് ഹാജരാക്കും. മറ്റൊരു പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസം കൂടി സമയം നീട്ടി നൽകിയിട്ടുണ്ട്.