27/01/2026

“ഇസ്രായേൽ ഉണ്ടെങ്കിൽ ഞങ്ങളില്ല”: യൂറോവിഷൻ 2026 ബഹിഷ്കരിച്ച് സ്പെയിൻ ഉൾപ്പെടെ നാല് രാജ്യങ്ങൾ

 “ഇസ്രായേൽ ഉണ്ടെങ്കിൽ ഞങ്ങളില്ല”: യൂറോവിഷൻ 2026 ബഹിഷ്കരിച്ച് സ്പെയിൻ ഉൾപ്പെടെ നാല് രാജ്യങ്ങൾ

ജനീവ: ഗാസയിൽ അതിക്രമം തുടരുമ്പോഴും ഇസ്രായേലിനെ മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് 2026-ലെ യൂറോവിഷൻ സംഗീത മത്സരത്തിൽ നിന്ന് നാല് പ്രമുഖ രാജ്യങ്ങൾ പിന്മാറി. അയർലൻഡ്, സ്പെയിൻ, നെതർലൻഡ്സ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് വിയന്നയിൽ നടക്കാനിരിക്കുന്ന മത്സരം ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.

യൂറോവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഈ കൂട്ട പിന്മാറ്റം.

ഗസ്സയിലെ കനത്ത ജീവഹാനിയും മാനുഷിക പ്രതിസന്ധിയും കണക്കിലെടുത്ത് ഇസ്രായേലിനൊപ്പം ഒരേ വേദി പങ്കിടുന്നത് ധാർമ്മികമായി ശരിയല്ല എന്ന് അയർലൻഡിന്റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്ററായ ആർ.ടി.ഇ (RTÉ) വ്യക്തമാക്കി.

യൂറോവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നായ ‘ബിഗ് ഫൈവ്’ രാജ്യങ്ങളിൽ ഉൾപ്പെടുന്ന സ്പെയിനിന്റെ പിന്മാറ്റം സംഘാടകർക്ക് വലിയ തിരിച്ചടിയാണ്. ഗസ്സയിലെ അതിക്രമങ്ങളെ വെള്ളപൂശാൻ സാംസ്കാരിക വേദികളെ ഉപയോഗിക്കരുതെന്ന് സ്പെയിൻ സാംസ്കാരിക മന്ത്രി ഏണസ്റ്റ് ഉർത്താസുൻ പ്രതികരിച്ചു. “സംസ്കാരം സമാധാനത്തിനൊപ്പമാണ് നിൽക്കേണ്ടത്” – അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ സ്ഥാപനം ഉയർത്തിപ്പിടിക്കുന്ന പൊതുമൂല്യങ്ങൾക്ക് വിരുദ്ധമാണ് ഇസ്രായേലിന്റെ പങ്കാളിത്തമെന്ന് നെതർലൻഡ്സും, സമാധാനത്തിനും നീതിക്കും മുൻഗണന നൽകുന്നതിനാലാണ് പിന്മാറുന്നതെന്ന് സ്ലോവേനിയയും അറിയിച്ചു. ഐസ്‌ലൻഡും ബഹിഷ്കരണത്തിന്റെ പാതയിലാണെന്ന സൂചനയുണ്ട്.

വ്യാഴാഴ്ച ജനീവയിൽ നടന്ന യൂറോപ്യൻ ബ്രോഡ്‌കാസ്റ്റിംഗ് യൂണിയന്റെ (EBU) ജനറൽ അസംബ്ലിയിലാണ് ഇസ്രായേലിനെ വിലക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. യൂറോവിഷൻ എന്നത് “ബ്രോഡ്‌കാസ്റ്റർമാരുടെ മത്സരമാണ്, സർക്കാരുകളുടേതല്ല” എന്നാണ് ഇബിയു-വിന്റെ വാദം. ഇസ്രായേലിനെ വിലക്കണമെന്നാവശ്യപ്പെട്ട് സ്പെയിൻ കൊണ്ടുവന്ന പ്രമേയം വോട്ടിനിടാതെ തന്നെ തള്ളിക്കളയുകയായിരുന്നു.

2022-ൽ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യയെ മത്സരത്തിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ സമാനമായ നടപടി ഇസ്രായേലിന്റെ കാര്യത്തിൽ സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്ന വിമർശനം ശക്തമാണ്.

Also read: