വായുവില്‍ നിന്ന് പെട്രോള്‍! മാജിക്കല്ല; അത്ഭുത വിദ്യയുമായി ന്യൂയോര്‍ക്ക് സ്റ്റാര്‍ട്ടപ്പ്
ന്യൂയോര്‍ക്ക്: പെട്രോള്‍ അടിക്കാന്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുന്ന കാലം മാറുമോ? വായുവില്‍ നിന്ന് നേരിട്ട് ഇന്ധനം നിര്‍മ്മിക്കുന്ന വിപ്ലവകരമായ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ‘എയര്‍സെല’ (Airqela) എന്ന ക്ലൈമറ്റ് ടെക് സ്റ്റാര്‍ട്ടപ്പ്. ഇതൊരു മാജിക്കല്ല, മറിച്ച് ശുദ്ധമായ ശാസ്ത്രമാണെന്ന് ഇവര്‍ തെളിയിക്കുന്നു.
എന്താണ് ഈ സാങ്കേതികവിദ്യ?
ഒരു സാധാരണ റഫ്രിജറേറ്ററിന്റെ വലിപ്പം മാത്രമുള്ള ഒരു യന്ത്രമാണ് ഇതിലെ താരം. ഈ യന്ത്രം അന്തരീക്ഷത്തിലെ വായുവില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ(CO2) വലിച്ചെടുക്കുന്നു. തുടര്‍ന്ന്, പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജനുമായി ഈ കാര്‍ബണിനെ സംയോജിപ്പിച്ച് ‘സിന്തറ്റിക് ഗ്യാസോലിന്‍'(Synthetic Gasoline) അഥവാ പെട്രോള്‍ നിര്‍മ്മിക്കുന്നു. ന്യൂയോര്‍ക്കില്‍ നടന്ന പ്രദര്‍ശനത്തില്‍ ഈ യന്ത്രം തത്സമയം ഇന്ധനം നിര്‍മിച്ച് കുപ്പിയില്‍ നിറച്ചു കാണിച്ചു.
പ്രധാന ഗുണങ്ങള്‍:
- വാഹനം മാറ്റേണ്ട: നിലവിലുള്ള പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ എന്‍ജിനുകളില്‍ ഒരു മാറ്റവും വരുത്താതെ തന്നെ ഈ ഇന്ധനം ഉപയോഗിക്കാം.
- പരിസ്ഥിതി സൗഹൃദം: അന്തരീക്ഷത്തിലെ കാര്‍ബണ്‍ കുറയ്ക്കുന്നതിനാലും, സള്‍ഫര്‍, എഥനോള്‍ തുടങ്ങിയ മാലിന്യങ്ങള്‍ ഇല്ലാത്തതിനാലും ഇത് സാധാരണ ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ ശുദ്ധമാണ്. കാര്‍ബണ്‍ ന്യൂട്രല്‍ (Carbon Neutral) ഇന്ധനമാണിത്.
- അടിസ്ഥാന സൗകര്യങ്ങള്‍: എണ്ണക്കിണറുകളോ പൈപ്പ് ലൈനുകളോ ആവശ്യമില്ല.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വെല്ലുവിളി?
ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങള്‍(EV) പ്രോത്സാഹിപ്പിക്കുമ്പോഴും, ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവും ഉയര്‍ന്ന വിലയും വെല്ലുവിളിയാണ്. കൂടാതെ, നിലവിലുള്ള 140 കോടിയോളം വരുന്ന പഴയ വാഹനങ്ങളെല്ലാം ഒറ്റയടിക്ക് മാറ്റുക അസാധ്യമാണ്. ഇവിടെയാണ് എയര്‍സെലയുടെ പ്രസക്തി. നിലവിലുള്ള വാഹനങ്ങളില്‍ തന്നെ ഉപയോഗിക്കാവുന്നതിനാല്‍ മലിനീകരണം പെട്ടെന്ന് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.
2019-ല്‍ എറിക് ഡാല്‍ഗ്രെന്‍, മിയ ഡാല്‍ഗ്രെന്‍ എന്നീ ദമ്പതികള്‍ ചേര്‍ന്ന് ആരംഭിച്ച ഈ സംരംഭത്തിന്, എക്‌സോണ്‍ മൊബില്‍, മേഴ്‌സ്‌ക് തുടങ്ങിയ ആഗോള ഭീമന്‍മാരുടെ നിക്ഷേപ പിന്തുണയുണ്ട്. വ്യോമയാന, കപ്പല്‍ ഗതാഗത മേഖലകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ കണ്ടുപിടുത്തത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.