13/06/2026
[fontresizer_tawhidurrahmandear_widget]

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു ; 2013ൽ മോദി നടത്തിയ പ്രസംഗം കുത്തിപ്പൊക്കി പ്രതിപക്ഷം

 രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു ; 2013ൽ മോദി നടത്തിയ പ്രസംഗം കുത്തിപ്പൊക്കി പ്രതിപക്ഷം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 90 കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പഴയ പ്രസംഗങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡിസംബര്‍ മൂന്നിനാണ് രൂപയുടെ മൂല്യം 90.23 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയത്.

സാമ്പത്തിക അനിശ്ചിതത്വങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയെ കാര്യമായി ബാധിച്ചിട്ടുണ്ട്. രൂപയുടെ ഈ തകര്‍ച്ച നിക്ഷേപകരെ മാത്രമല്ല, സാധാരണക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. 1999-2014 കാലഘട്ടത്തില്‍ ഡോളറിനെതിരെ 43-നും 60-നും ഇടയില്‍ നിന്നിരുന്ന രൂപയാണ് ഇപ്പോള്‍ 90-ലേക്ക് കൂപ്പുകുത്തിയത്.

രൂപയുടെ തകര്‍ച്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2013-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, അന്നത്തെ യു.പി.എ സര്‍ക്കാരിനെതിരെ മോദി നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങളുടെ വീഡിയോകള്‍ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെക്കുന്നുണ്ട്.

‘കേന്ദ്ര സര്‍ക്കാരും രൂപയും തമ്മില്‍ ആര് താഴേക്ക് വീഴുമെന്ന കാര്യത്തില്‍ മത്സരമാണ് നടക്കുന്നത്’ എന്ന മോദിയുടെ 2013-ലെ പ്രസംഗം ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ എക്‌സില്‍ പങ്കുവെച്ചു. ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ പങ്കുവെച്ചത്.

മോദിയുടെ പ്രസംഗത്തില്‍നിന്ന്: ”നേപ്പാളിലെ രൂപയ്‌ക്കോ, ബംഗ്ലാദേശിന്റെയോ പാകിസ്ഥാന്റെയോ ശ്രീലങ്കയുടെയോ കറന്‍സികള്‍ക്കോ ഒരു പ്രശ്‌നവുമില്ലാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. നമ്മുടെ അയല്‍പക്കത്തുള്ള ചെറിയ രാജ്യങ്ങള്‍ക്ക് പോലും ഡോളറിനെതിരെ വലിയ മൂല്യത്തകര്‍ച്ച നേരിടുന്നില്ല.

ഇത് സാമ്പത്തികമായ കാരണങ്ങള്‍ കൊണ്ട് മാത്രമല്ല സംഭവിച്ചിരിക്കുന്നത്. മറിച്ച്, ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന നിങ്ങളുടെ അഴിമതി നിറഞ്ഞ രാഷ്ട്രീയത്തിന് ഇതില്‍ വലിയ പങ്കുണ്ട്.

ആരാണ് കൂടുതല്‍ താഴേക്ക് വീഴുക എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും രൂപയും തമ്മില്‍ മത്സരമാണ്.”

രൂപയുടെ മൂല്യം 43-ല്‍ എത്തിയപ്പോള്‍ മോദി നടത്തിയ വിമര്‍ശനത്തിന്റെ വീഡിയോ മുന്‍ തൃണമൂല്‍ എം.പിയും ഐ.എ.എസ് ഓഫിസറുമായിരുന്ന ജവഹര്‍ സിര്‍ക്കാര്‍ പങ്കുവെച്ചു. ‘അദ്ദേഹത്തിന് കീഴില്‍ ഇതിപ്പോള്‍ 90 കടന്നിരിക്കുന്നു’ എന്നാണ് സിര്‍ക്കാര്‍ കുറിച്ചത്.

രൂപ 62-ല്‍ എത്തിയപ്പോള്‍ ‘രൂപ മുങ്ങുകയാണ്’ എന്ന് മോദി പറഞ്ഞ വീഡിയോ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അന്ന് 62-ല്‍ മുങ്ങുകയായിരുന്നെങ്കില്‍ ഇന്ന് 90-ല്‍ എത്തിയപ്പോള്‍ എന്താണ് സ്ഥിതിയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതേസമയം, എണ്ണവില വര്‍ദ്ധനവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. യു.എസ് ഫെഡറല്‍ റിസര്‍വിന്റെ നടപടികള്‍ ഉള്‍പ്പെടെയുള്ള ബാഹ്യമായ കാരണങ്ങളാണ് തിരിച്ചടിയായതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു. റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ലെന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

Also read: