ദുബൈയിൽ 55 നിലകളില്‍’ഷാരൂഖ് ടവർ’; കിങ് ഖാന്റെ പേരിൽ വമ്പൻ ബിസിനസ് ടവര്‍
ദുബൈ: ബോളിവുഡിന്റെ ബാദ്‌ഷാ ഷാരൂഖ് ഖാന്റെ പേരിൽ ദുബൈ നഗരത്തിൽ അത്യാഡംബര വാണിജ്യ സമുച്ചയം ഉയരുന്നു. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡാന്യൂബ് പ്രോപ്പർട്ടീസ് നിർമിക്കുന്ന 55 നിലകളുള്ള ടവറിന് ‘ഷാരൂഖ്‌സ് ബൈ ഡാന്യൂബ്’ (Shahrukh’s by Danube) എന്നാണ് പേരിട്ടിരിക്കുന്നത്.
ചൊവ്വാഴ്ച ദുബൈ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഷാരൂഖ് ഖാനും ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകൻ റിസ്വാൻ സാജനും ചേർന്ന് പദ്ധതി ഔദ്യോഗികമായി അവതരിപ്പിക്കും. ദുബൈയിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡിലാണ് ടവർ നിർമിക്കുന്നത്. ബുർജ് ഖലീഫ, ദുബൈ വിമാനത്താവളം എന്നിവയ്ക്ക് സമീപം എന്നത് ഇതിന്റെ വാണിജ്യ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
സൗകര്യങ്ങൾ: 10 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടവറിൽ ഹെലിപാഡ്, സ്കൈ പൂൾ, എക്സ്ക്ലൂസീവ് ബിസിനസ് ലോഞ്ചുകൾ, വാലെറ്റ് പാർക്കിംഗ് തുടങ്ങി 40-ലധികം പ്രീമിയം സൗകര്യങ്ങളുണ്ടാകും. ഏകദേശം 4.2 കോടി രൂപ (18 മില്യന്‍ ദിര്‍ഹം) മുതലാണ് യൂണിറ്റുകളുടെ വില ആരംഭിക്കുന്നത്. നിക്ഷേപകർക്ക് ആശ്വാസകരമാകുന്ന ഡാന്യൂബിന്റെ പ്രശസ്തമായ ‘1% പ്രതിമാസ പേയ്‌മെന്റ് പ്ലാൻ’ ഈ പദ്ധതിയിലും ലഭ്യമാണ്.
മുംബൈ, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ദുബൈ ഇപ്പോഴും വളരെ ലാഭകരമായ വിപണിയാണെന്ന് റിസ്വാൻ സാജൻ ചൂണ്ടിക്കാട്ടി. 2050-ഓടെ ദുബൈയിലെ ജനസംഖ്യ കുത്തനെ ഉയരുമെന്നും, ഇത് നിക്ഷേപകർക്ക് വലിയ അവസരമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.