ചുട്ടുപൊള്ളി കണ്ണൂര്‍; രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരം, പുലര്‍ച്ചെ വരെ കൊടും തണുപ്പും പകല്‍ കത്തുന്ന ചൂടും
കണ്ണൂര്‍: തദ്ദേശതെരഞ്ഞെടുപ്പിന്റെ ചൂട് അടങ്ങും മുമ്പ് സംസ്ഥാനത്തെ അന്തരീക്ഷത്തിലെ ചൂടിലും വന്‍ വര്‍ധന. കണ്ണൂരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്‍പത് മുതലാണ് അന്തരീക്ഷ താപനിലയില്‍ കണ്ണൂര്‍ വിമാനത്താവളം രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി മാറിയത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒന്‍പതിന് 35.2, പത്തിന് 36.4, പതിനൊന്നിന് 35 ഡിഗ്രി സെല്‍ഷ്യസ് വീതമായിരുന്നു കണ്ണൂരില്‍ രേഖപ്പെടുത്തിയ താപനില. 35.4 ഡിഗ്രിയായിരുന്നു അന്നത്തെ ചൂട്. 15ന് കോട്ടയവും കണ്ണൂരുമായിരുന്നു ഒന്നാമത്. 35.2 ഡിഗ്രിയായിരുന്നു രണ്ടിടങ്ങളിലെയും താപനില.
കഴിഞ്ഞവര്‍ഷത്തെ വേനല്‍ക്കാല സീസണിലും കണ്ണൂരായിരുന്നു രാജ്യത്തെ ചൂടേറിയ നഗരങ്ങളിലൊന്ന്. 2024 ഡിസംബര്‍ ഒന്‍പതിന് രേഖപ്പെടുത്തിയ 34.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഏറ്റവും ഉയര്‍ന്ന താപനില. ഇക്കൊല്ലവും വേനല്‍ കഠിനമാകുമെന്നും ഉഷ്ണതരംഗമുള്പ്പടെയുള്ള പ്രതിഭാസമുണ്ടാകുമെന്നുമുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ ശൈത്യകാലം ആരംഭിച്ചതിനാല്‍ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് നിലവില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്.