31/03/2026
[fontresizer_tawhidurrahmandear_widget]

സന്ധിവേദനയ്ക്ക് ഉടൻ ഓപറേഷൻ വേണോ? തെറ്റിദ്ധാരണകൾ മാറ്റാം, ഈ 5 കാര്യങ്ങൾ അറിയൂ

 സന്ധിവേദനയ്ക്ക്  ഉടൻ ഓപറേഷൻ വേണോ? തെറ്റിദ്ധാരണകൾ മാറ്റാം, ഈ 5 കാര്യങ്ങൾ അറിയൂ

സന്ധിവേദന എന്നത് പ്രായമായവർക്ക് മാത്രം വരുന്ന അസുഖമാണെന്നും, ശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്നും വിശ്വസിക്കുന്നവർ ഏറെയാണ്. എന്നാൽ ഇത്തരം തെറ്റിദ്ധാരണകൾ പലപ്പോഴും രോഗം മൂർച്ഛിക്കാനും ചികിത്സ വൈകിപ്പിക്കാനും കാരണമാകുന്നു. സന്ധിവേദനയെക്കുറിച്ച് (Joint Pain) നിലനിൽക്കുന്ന പ്രധാനപ്പെട്ട 5 മിഥ്യാധാരണകളും അവയുടെ വാസ്തവവും വ്യക്തമാക്കുകയാണ് നവി മുംബൈയിലെ പ്രമുഖ ഓർത്തോപീഡിക് സർജനായ ഡോ. അഭയ് ചല്ലാനി.

സന്ധിവേദനയെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ:

  1. ശസ്ത്രക്രിയ അവസാന വജ്രായുധം മാത്രം സന്ധിവേദന വന്നാൽ ഉടൻ ശസ്ത്രക്രിയ വേണ്ടിവരുമെന്ന ഭയം പലർക്കുമുണ്ട്. എന്നാൽ ഇത് തെറ്റാണ്. ഫിസിയോതെറാപ്പി, കൃത്യമായ മരുന്നുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭാരം നിയന്ത്രിക്കൽ എന്നിവയിലൂടെ ഭൂരിഭാഗം പേർക്കും ആശ്വാസം ലഭിക്കും. കോക്രെയ്ൻ ഡാറ്റാബേസ് (Cochrane Database) പഠനങ്ങൾ പ്രകാരം, ശസ്ത്രക്രിയ ഇല്ലാതെ തന്നെ വ്യായാമങ്ങളിലൂടെ ചലനശേഷി വീണ്ടെടുക്കാൻ സാധിക്കും. മരുന്നുകളും തെറാപ്പിയും ഫലിക്കാത്ത അപൂർവ്വം ഘട്ടങ്ങളിൽ മാത്രമേ ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിക്കാറുള്ളൂ.
  2. പ്രായമായവർക്ക് മാത്രമല്ല വാർദ്ധക്യ സഹജമായ അസുഖമായിട്ടാണ് സന്ധിവേദനയെ കാണാറുള്ളതെങ്കിലും, ഇന്നത്തെ കാലത്ത് യുവാക്കളിലും ഇത് വ്യാപകമാണ്. തെറ്റായ ഇരിപ്പ് രീതി, കമ്പ്യൂട്ടറിന് മുന്നിലുള്ള അധിക സമയം, വ്യായാമക്കുറവ്, കായിക പരിക്കുകൾ എന്നിവ കാരണം കൗമാരക്കാരിലും യുവാക്കളിലും സന്ധിവേദന വർദ്ധിച്ചുവരുന്നതായി ബിഎംസി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
  3. വ്യായാമം വേദന കൂട്ടില്ല, കുറയ്ക്കും വേദനയുള്ളപ്പോൾ അനങ്ങാതെ വിശ്രമിക്കുന്നതാണ് നല്ലതെന്ന ചിന്ത പലർക്കുമുണ്ട്. എന്നാൽ, അമേരിക്കൻ കോളേജ് ഓഫ് റൂമറ്റോളജിയുടെ നിർദ്ദേശപ്രകാരം, മിതമായ വ്യായാമങ്ങൾ സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. വിദഗ്ദ്ധനായ ഒരു തെറാപ്പിസ്റ്റിന്റെ നിർദ്ദേശപ്രകാരം സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യുന്നത് ഗുണം ചെയ്യും.
  4. വേദനസംഹാരികൾ ശാശ്വത പരിഹാരമല്ല മെഡിക്കൽ ഷോപ്പുകളിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം വേദനസംഹാരികൾ വാങ്ങി കഴിക്കുന്നത് താൽക്കാലിക ആശ്വാസം മാത്രമേ നൽകൂ. ഇത് രോഗത്തിന്റെ ലക്ഷണങ്ങളെ മറച്ചുവെക്കാനേ സഹായിക്കൂ, മൂലകാരണത്തെ ചികിത്സിക്കുന്നില്ല. അമിതമായ മരുന്ന് ഉപയോഗം മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും.
  5. ഒറ്റമൂലികൾ ചികിത്സയ്ക്ക് പകരമാവില്ല മഞ്ഞൾ, ഇഞ്ചി, ഗ്രീൻ ടീ തുടങ്ങിയ വീട്ടുവൈദ്യങ്ങൾ വീക്കവും വേദനയും കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ ഇവ വൈദ്യചികിത്സയ്ക്ക് പകരമാവില്ല. കൃത്യമായ രോഗനിർണ്ണയം നടത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

സന്ധിവേദനയെ ഭയന്ന് ചികിത്സ വൈകിപ്പിക്കാതെ, തുടക്കത്തിൽ തന്നെ ഓർത്തോപീഡിക് വിദഗ്ദ്ധനെ കണ്ട് ശാസ്ത്രീയമായ ചികിത്സ തേടിയാൽ ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

Also read: