അതിർത്തിയിൽ തീമഴ പെയ്യിക്കാൻ ‘കാമികാസെ’ 2,000 കോടിയുടെ വമ്പൻ ഡ്രോണ് പദ്ധതിയുമായി സൈന്യം
ന്യൂഡൽഹി: അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സേന തദ്ദേശീയമായി നിർമിച്ച അത്യാധുനിക ഡ്രോണുകൾ സ്വന്തമാക്കുന്നു. ശത്രുപാളയത്തിൽ ചെന്ന് നാശം വിതയ്ക്കാൻ ശേഷിയുള്ള ‘കാമികാസെ’ (Kamikaze) ഡ്രോണുകളാണ് സേനയുടെ ഭാഗമാകുന്നത്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കുന്ന 850 കാമികാസെ ഡ്രോണുകളാണ് സേന വാങ്ങുന്നത്. ഇതിനായി ഏകദേശം 2,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കര, നാവിക, വ്യോമ സേനകൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും.
എന്താണ് കാമികാസെ ഡ്രോണുകൾ?
ലക്ഷ്യസ്ഥാനത്ത് വട്ടമിട്ട് പറന്ന ശേഷം, കൃത്യസമയത്ത് സ്ഫോടകവസ്തുക്കളുമായി ശത്രുലക്ഷ്യത്തിലേക്ക് നേരിട്ട് ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുന്ന ഡ്രോണുകളാണിവ. ‘ആത്മഹത്യാ ഡ്രോണുകൾ’ എന്നും ഇവ അറിയപ്പെടുന്നു. മിസൈലുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവിൽ അതീവ കൃത്യതയോടെ ആക്രമണം നടത്താൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
പ്രേരണയായത് ‘ഓപറേഷൻ സിന്ദൂർ’
പാകിസ്ഥാൻ അതിർത്തിയിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് നടത്തിയ ‘ഓപറേഷൻ സിന്ദൂറി’ൽ ഡ്രോണുകൾ കാഴ്ചവെച്ച മികച്ച പ്രകടനമാണ് പുതിയ നീക്കത്തിന് സേനയെ പ്രേരിപ്പിച്ചത്. ഒമ്പതിൽ ഏഴ് ഭീകരതാവളങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് തകർക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.
ഭാവി പദ്ധതികൾ ഇങ്ങനെ
അംഗീകാരം: ഈ മാസം അവസാനത്തോടെ ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) പദ്ധതിക്ക് അന്തിമ അനുമതി നൽകും.
ആഷ്നി പ്ലാറ്റൂൺ: ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനായി ഓരോ ബറ്റാലിയനിലും ‘ആഷ്നി പ്ലാറ്റൂൺ’ എന്ന പേരിൽ പ്രത്യേക വിഭാഗം രൂപീകരിക്കും.
ലക്ഷ്യം 30,000: ആദ്യഘട്ടത്തിൽ 850 ഡ്രോണുകളാണ് വാങ്ങുന്നതെങ്കിലും, ഭാവിയിൽ ഇത്തരം 30,000 ഡ്രോണുകൾ വിന്യസിക്കാൻ പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
നിർമ്മാണം: ഇൻസൈഡ് എഫ്പിവി വെഞ്ച്വേഴ്സ് (Inside FPV Ventures), മഹർഷി ഇൻഡസ്ട്രീസ് തുടങ്ങിയ ഇന്ത്യൻ കമ്പനികളാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്.