ശത്രുവിനെ ‘തക്കംപാർത്ത്’ തകർക്കും; ഇന്ത്യയുടെ ആവനാഴിയിലേക്ക് വരുന്നു, ‘നെക്സ്റ്റ് ജനറേഷൻ’ ക്രൂയിസ് മിസൈൽ
ന്യൂഡൽഹി: ശത്രുപാളയങ്ങളെ തകർത്തെറിയാൻ കരുത്തുറ്റ പുതിയ ക്രൂയിസ് മിസൈൽ വികസിപ്പിക്കാനൊരുങ്ങി ഡി.ആർ.ഡി.ഒ (DRDO). നിലവിലുള്ള ബ്രഹ്മോസ്, അഗ്നി മിസൈലുകളിൽ നിന്നും വ്യത്യസ്തമായി, ലക്ഷ്യസ്ഥാനത്തിന് മുകളിൽ വട്ടമിട്ടു പറക്കാനും (Loitering Munition) അവസാന നിമിഷം വരെ നിയന്ത്രിക്കാനും സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) വേണ്ടിയാണ് ഈ അത്യാധുനിക മിസൈൽ വികസിപ്പിക്കുന്നത്.
സാധാരണ മിസൈലുകൾ വിക്ഷേപിച്ചു കഴിഞ്ഞാൽ മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് പതിവ് (‘Fire and Forget’). എന്നാൽ പുതിയ മിസൈലിൽ ‘മാൻ ഇൻ ദ ലൂപ്പ്’ (Man-in-the-loop) സംവിധാനമാണുള്ളത്. ഇതുവഴി മിസൈൽ അയച്ചതിനുശേഷവും ഓപ്പറേറ്റർക്ക് ക്യാമറ വഴി ദൃശ്യങ്ങൾ കണ്ട് ലക്ഷ്യം കൃത്യമാണെന്ന് ഉറപ്പുവരുത്താം. സാധാരണക്കാരോ സ്വന്തം സൈനികരോ ആണ് ലക്ഷ്യസ്ഥാനത്തെങ്കിൽ ആക്രമണം വേണ്ടെന്നുവെക്കാനോ, ലക്ഷ്യം മാറ്റാനോ ഇതിലൂടെ സാധിക്കും.
പ്രധാന സവിശേഷതകൾ:
- ദൂരപരിധി: 150 മുതൽ 250 കിലോമീറ്റർ വരെ.
- കൃത്യത: ലക്ഷ്യസ്ഥാനത്തിന്റെ ദൃശ്യങ്ങൾ തത്സമയം അയക്കുന്നതിനാൽ പിഴവില്ലാതെ ആക്രമിക്കാം.
- നിയന്ത്രണം: വിക്ഷേപിച്ച ശേഷവും ഗതിമാറ്റാനോ, ആക്രമണം ഉപേക്ഷിക്കാനോ സാധിക്കും.
നിലവിൽ അതിവേഗ ആക്രമണത്തിന് ബ്രഹ്മോസും, ദീർഘദൂര ആക്രമണത്തിന് അഗ്നിയുമാണ് ഇന്ത്യയുടെ കരുത്ത്. എന്നാൽ ലക്ഷ്യം കൃത്യമായി നിരീക്ഷിച്ച്, അനാവശ്യ നാശനഷ്ടങ്ങൾ ഒഴിവാക്കി ആക്രമണം നടത്താൻ ഈ പുതിയ മിസൈൽ ഇന്ത്യക്ക് മുതൽക്കൂട്ടാകും.