03/04/2026
[fontresizer_tawhidurrahmandear_widget]

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ്; കൂടുതല്‍ പേര്‍ കസ്റ്റഡിയിലെന്ന് സൂചന

 വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ്; കൂടുതല്‍ പേര്‍ കസ്റ്റഡിയിലെന്ന് സൂചന

വാളയാര്‍: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണം. കൊല്ലപ്പെട്ടത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട (ST) യുവാവാണെന്ന് വ്യക്തമായിട്ടും പ്രതികൾക്കെതിരെ എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ പോലീസ് ചുമത്തിയിട്ടില്ല.

കൂടാതെ, പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ആൾക്കൂട്ടക്കൊലയ്ക്ക് (Mob Lynching) കൃത്യമായ വകുപ്പുകൾ ഉണ്ടായിട്ടും അതും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവിൽ കൊലപാതക കുറ്റത്തിനുള്ള ബി.എൻ.എസ് 103(1) വകുപ്പ് മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് പേരിൽ കൂടുതൽ ചേർന്ന് നടത്തുന്ന ആൾക്കൂട്ടക്കൊലയ്ക്ക് ബി.എൻ.എസ് 103(2) എന്ന ശക്തമായ വകുപ്പ് നിലവിലുണ്ട്. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന ഈ വകുപ്പ് പോലീസ് ഒഴിവാക്കി. മർദ്ദനത്തിനിടെ യുവാവിനെതിരെ ജാതി അധിക്ഷേപം നടന്നതായും റിപ്പോർട്ടുകളുണ്ട്. ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടതെന്ന് അറിഞ്ഞിട്ടും എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമം (SC/ST Prevention of Atrocities Act) പ്രകാരമുള്ള വകുപ്പുകൾ ഒഴിവാക്കിയത് പ്രതികളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.

വാളയാറിലെ അട്ടപ്പള്ളത്താണ് ദാരുണ സംഭവം നടന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് ഒരുകൂട്ടം ആളുകൾ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റതാണ് മരണകാരണമെന്ന് വ്യക്തമായിട്ടും, കേസ് ദുർബലപ്പെടുത്തുന്ന രീതിയിലുള്ള പോലീസിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

കൊല്ലപ്പെട്ട ഛത്തീസ്​ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സർക്കാർ ചെലവിൽ മൃതദേഹം വിമാനമാർഗ്ഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. ഇതിനിടെ പ്രതികളുടെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും പുറത്തുവന്നു. പിടിയിലായവരിൽ നാല് പേർ ബിജെപി അനുഭാവികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിലുണ്ട്.

Also read: