അഖ്‌ലാഖ് വധക്കേസില്‍ പ്രതികളെ രക്ഷിക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി; കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി
കൊല്ലപ്പെട്ട അഖ്‍ലാഖ്, മരണവാര്‍ത്ത അറിഞ്ഞ് വാവിട്ടു കരയുന്ന ബന്ധുക്കള്‍ (ഫയല്‍ ചിത്രം)
ലഖ്‌നൗ: രാജ്യത്തെ നടുക്കിയ ദാദ്രി ആള്‍ക്കൂട്ട കൊലപാതക കേസിലെ (മുഹമ്മദ് അഖ്‌ലാഖ് വധക്കേസ്) പ്രതികളെ രക്ഷിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുരാജ്പൂര്‍ ജില്ലാ കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് നിരീക്ഷിച്ചാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി
അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി സൗരഭ് ദ്വിവേദി ഹരജി തള്ളിയത്.
2015ല്‍ നടന്ന ദാദ്രി ആള്‍ക്കൂട്ട കൊലപാതക കേസിലെ 18 പ്രതികളെയും വിചാരണ കൂടാതെ വെറുതെ വിടാന്‍ അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ക്രിമിനല്‍ നടപടി ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.
ക്രമസമാധാനം നിലനിര്‍ത്താനും പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയും കേസ് പിന്‍വലിക്കുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, കൊലപാതകം പോലെ അതീവ ഗുരുതരമായ കുറ്റകൃത്യത്തില്‍നിന്ന് പ്രതികളെ ഒഴിവാക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും, ഇതിന് വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ജഡ്ജി സൗരഭ് ദ്വിവേദി വ്യക്തമാക്കി.
നേരത്തെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്ന വൈരുദ്ധ്യവും കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തടസഹരജി നല്‍കിയിരുന്നു.
2015 സെപ്റ്റംബര്‍ 28-നാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയിലുള്ള ബിസാദ ഗ്രാമത്തില്‍ മുഹമ്മദ് അഖ്‌ലാഖ് (52) കൊല്ലപ്പെട്ടത്. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് എത്തിയ ആള്‍ക്കൂട്ടം അഖ്‌ലാഖിനെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും മകന്‍ ദാനിഷിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പിടിമുറുക്കുന്ന അസഹിഷ്ണുതയ്ക്കും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ രാജ്യവ്യാപകമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച സംഭവമായിരുന്നു ഇത്.