റോഡുകൾ 4 മണി മുതൽ അടക്കും; മെട്രോ രാവും പകലും ഓടും, പുതുവത്സരത്തിന് ദുബൈയിൽ ഗതാഗത നിയന്ത്രണങ്ങള്‍ ഇങ്ങനെ
ദുബൈ: ലോകത്തെ ഏറ്റവും വലിയ പുതുവത്സരാഘോഷങ്ങളിലൊന്നിന് വേദിയാകുന്ന ദുബൈയില്‍ വിപുലമായ ഗതാഗത-സുരക്ഷാ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (RTA) ദുബൈ പോലീസും ചേര്‍ന്നാണ് ഡിസംബര്‍ 31-നുള്ള കര്‍ശനമായ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
പ്രധാന അറിയിപ്പുകള്‍
മെട്രോ 43 മണിക്കൂര്‍: ഡിസംബര്‍ 31 ചൊവ്വാഴ്ച രാവിലെ 8.00 മുതല്‍ ജനുവരി 2 വ്യാഴാഴ്ച അര്‍ധരാത്രി വരെ ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ തുടര്‍ച്ചയായി 43 മണിക്കൂര്‍ സര്‍വീസ് നടത്തും.
ബുര്‍ജ് ഖലീഫ സ്‌റ്റേഷന്‍
തിരക്ക് നിയന്ത്രിക്കുന്നതിനായി ബുര്‍ജ് ഖലീഫ/ദുബൈ മാള്‍ മെട്രോ സ്‌റ്റേഷന്‍ ഡിസംബര്‍ 31 വൈകുന്നേരം 5 മണിക്ക് അടക്കും. യാത്രക്കാര്‍ക്ക് പകരമായി ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ സ്‌റ്റേഷനുകള്‍ ഉപയോഗിക്കാം.
ട്രാം സര്‍വീസ്: ദുബൈ ട്രാമും ഡിസംബര്‍ 31 രാവിലെ 6.00 മുതല്‍ ജനുവരി 2 പുലര്‍ച്ചെ 1.00 വരെ തുടര്‍ച്ചയായി ഓടും.
റോഡുകളിലെ നിയന്ത്രണം (ഡിസംബര്‍ 31): ഡൗണ്ടൗണ്‍ ദുബൈയിലേക്കുള്ള റോഡുകള്‍ വൈകുന്നേരത്തോടെ അടക്കും. സമയക്രമം താഴെ:
വൈകുന്നേരം 4.00 മുതല്‍: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവൈഡ്, ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡിന്റെ ലോവര്‍ ഡെക്ക് (Lower deck), അല്‍ മുസ്തക്ബാല്‍ സ്ട്രീറ്റ് എന്നിവ അടക്കും.
വൈകുന്നേരം 4.00 മുതല്‍: അല്‍ അസയല്‍ സ്ട്രീറ്റ് (ഊദ് മേത്ത മുതല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ വരെ) അടക്കും. ഇവിടെ ബസുകള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂ.
രാത്രി 8.00 മുതല്‍: അല്‍ സുകൂക് സ്ട്രീറ്റ് (Al Sukook Street) അടക്കും.
സൗജന്യ ബസ് സര്‍വീസുകള്‍
ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കായി 200-ഓളം സൗജന്യ ബസുകള്‍ ആര്‍.ടി.എ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിലെ മെട്രോ സ്‌റ്റേഷനുകളിലേക്കും പ്രധാന പാര്‍ക്കിംഗ് കേന്ദ്രങ്ങളിലേക്കും ഇവ സര്‍വീസ് നടത്തും.
40 കേന്ദ്രങ്ങളില്‍ വെടിക്കെട്ട്
ബുര്‍ജ് ഖലീഫ, പാം ജുമൈറ, ഗ്ലോബല്‍ വില്ലേജ്, ഹത്ത തുടങ്ങി എമിറേറ്റിലുടനീളമുള്ള 40 സ്ഥലങ്ങളിലായി 48 വെടിക്കെട്ട് പ്രദര്‍ശനങ്ങളാണ് ഇത്തവണ നടക്കുക. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.