27/01/2026

ക്രിസ്മസ് ദിനത്തില്‍ കടകള്‍ തുറന്നിട്ടു; ആയിരങ്ങള്‍ക്ക് സൗജന്യമായി അന്നമൂട്ടി യുകെയിലെ മുസ്‌ലിം വ്യാപാരികള്‍

 ക്രിസ്മസ് ദിനത്തില്‍ കടകള്‍ തുറന്നിട്ടു; ആയിരങ്ങള്‍ക്ക് സൗജന്യമായി അന്നമൂട്ടി യുകെയിലെ മുസ്‌ലിം വ്യാപാരികള്‍

മുബീനുല്‍ ഹഖ് തന്‍റെ കടയില്‍ ഭക്ഷണം തയാറാക്കുന്ന തിരക്കില്‍

ലിവര്‍പൂള്‍: മതഭേദങ്ങള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി യുകെയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍. ക്രിസ്മസ് ദിനത്തില്‍ അഗതികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും അവശ്യസര്‍വീസ് ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മാനവികതയുടെ പുതിയ മാതൃക തീര്‍ത്തിരിക്കുകയാണ് ഇവര്‍. ലിവര്‍പൂള്‍ മുതല്‍ തെക്കന്‍ ഇംഗ്ലണ്ട് വരെയുള്ള വിവിധയിടങ്ങളില്‍ നടന്ന ഈ സ്നേഹപ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയിലും വലിയ കയ്യടിയാണ് ലഭിക്കുന്നത്.

ലിവര്‍പൂളിലെ പോര്‍ട്ട്ലാന്‍ഡ്സ് ഫിഷ് ആന്‍ഡ് ചിപ്സ്(Portland’s Fish and Chips) ഉടമ മുബീനുല്‍ ഹഖ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ക്രിസ്മസ് ദിനത്തില്‍ തന്റെ കട തുറന്നുവച്ച് സൗജന്യ ഭക്ഷണം നല്‍കുന്നത്. എന്‍.എച്ച്.എസ് ജീവനക്കാര്‍, കെയറര്‍മാര്‍, മുതിര്‍ന്ന പൗരന്മാര്‍, ഒറ്റപ്പെട്ടവര്‍ എന്നിവര്‍ക്കെല്ലാം ഉച്ചയ്ക്ക് 11 മുതല്‍ അഞ്ചുവരെ ഭക്ഷണം സൗജന്യമായിരുന്നു.

‘ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് ദാനധര്‍മം. സമൂഹത്തിന് തിരിച്ചുനല്‍കുക എന്നത് ഞങ്ങളുടെ കടമയാണ്,’ 36-കാരനായ മുബീനുല്‍ ഹഖ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇതര മതസ്ഥരുടെ ആഘോഷദിവസത്തിലും, മറ്റുള്ളവര്‍ക്ക് വേണ്ടി കട തുറന്ന ഹഖിന്റെ പ്രവൃത്തി എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലായി.

റീഡിങ്ങിലെ മന്‍സാനോസ് പെരി പെരി(Manzanos Peri Peri) മാനേജര്‍ കാസിം അസീസും സമാനമായ സേവനവുമായി രംഗത്തെത്തി. ഇസ്ലാമിനെതിരായ തെറ്റിദ്ധാരണകള്‍ നീക്കാനും സമൂഹത്തെ ഒന്നിപ്പിക്കാനും ഇത്തരം പ്രവൃത്തികള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘വിശക്കുന്നവരെ ഊട്ടുക എന്നത് ഇസ്ലാമില്‍ വലിയ പുണ്യമാണ്,’ കാസിം കൂട്ടിച്ചേര്‍ത്തു.

ഇവരെക്കൂടാതെ ബോണ്‍മൗത്ത്, ഓക്സ്ഫോര്‍ഡ്ഷെയര്‍ എന്നിവിടങ്ങളിലും വിവിധ ചാരിറ്റികളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ഏകാന്തത അനുഭവിക്കുന്നവര്‍ക്കും ഭവനരഹിതര്‍ക്കും ക്രിസ്മസ് ഉച്ചഭക്ഷണം നല്‍കി. സാമ്പത്തിക പ്രതിസന്ധിയും ഏകാന്തതയും അനുഭവിക്കുന്ന നിരവധി പേര്‍ക്ക് ഈ നീക്കം വലിയ ആശ്വാസമായി.

Also read: