03/04/2026
[fontresizer_tawhidurrahmandear_widget]

നാട് പ്രാര്‍ത്ഥനയോടെ കാത്തിരുന്നു, ഒടുവില്‍ കണ്ണീര്‍വാര്‍ത്ത; ചിറ്റൂരില്‍ കാണാതായ 6 വയസ്സുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

 നാട് പ്രാര്‍ത്ഥനയോടെ കാത്തിരുന്നു, ഒടുവില്‍ കണ്ണീര്‍വാര്‍ത്ത; ചിറ്റൂരില്‍ കാണാതായ 6 വയസ്സുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

സുഹാന്‍

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറു വയസ്സുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ചിറ്റൂര്‍ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകന്‍ സുഹാന്‍ (6) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30-ഓടെയാണ് വീടിന് സമീപത്തെ കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സുഹാനെ കാണാതാകുന്നത്. സുഹാന്റെ പിതാവ് അനസ് ഗള്‍ഫിലാണ്. അധ്യാപികയായ അമ്മ തൗഹിത ഈ സമയം ആവശ്യത്തിനായി പാലക്കാട് ടൗണില്‍ പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും, അമ്മയുടെ സഹോദരിയുടെ മക്കളും ടിവി കാണുകയായിരുന്നു. ഈ സമയം കുട്ടികളുടെ മുത്തശ്ശി അടുക്കളയില്‍ ജോലിയിലായിരുന്നു.

കുറച്ചുകഴിഞ്ഞ് സുഹാനെ കാണാതായപ്പോള്‍ മുത്തശ്ശി അന്വേഷിച്ചെങ്കിലും കണ്ടില്ല. കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടായെന്നും, ഇതിനെത്തുടര്‍ന്ന് സുഹാന്‍ വീടിന് പുറത്തേക്ക് ഇറങ്ങിപ്പോയെന്നും സഹോദരന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്ന് ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസും ഡോഗ് സ്‌ക്വാഡും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ശനിയാഴ്ച രാത്രി വരെ പറമ്പുകളിലും മറ്റും വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ തിരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.

Also read: