27/01/2026

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത് അന്തരിച്ചു

 ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത് അന്തരിച്ചു

കെ.പി അബൂബക്കര്‍ ഹസ്രത്ത്

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ കെ.പി അബൂബക്കർ ഹസ്രത്ത് (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലം വർക്കല ജാമിഅ മന്നാനിയ്യ പ്രിൻസിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.

എറണാകുളം ജില്ലയിലെ കാക്കനാട് പടമുകൾ കിഴക്കേക്കരയിൽ മജീദ് ഹാജി-ആയിഷ ദമ്പതികളുടെ മകനായി 1937-ലാണ് ജനനം. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് പുറത്തിറങ്ങിയ ആദ്യത്തെ അഞ്ച് ഫൈസിമാരിൽ ഒരാളായിരുന്നു അദ്ദേഹം. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യനാണ്.

​ആറര പതിറ്റാണ്ടായി അധ്യാപന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഒ.ബി തഖിയുദ്ദീൻ ഫരീദുദ്ദീൻ ഹസ്രത്തിന്റെ നിർദേശപ്രകാരം കൊല്ലം തേവലക്കരയിൽ മുദർരിസായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മുട്ടയ്ക്കാവ്, കൊല്ലൂർവിള പള്ളിമുക്ക് എന്നിവിടങ്ങളിലും ദീർഘകാലം വർക്കല ജാമിഅ മന്നാനിയ്യയിലും സേവനമനുഷ്ഠിച്ചു. ഇടക്കാലത്ത് അൻവാറുശ്ശേരിയിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.

​പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി, ആറ്റിങ്ങൽ അബ്ദുൽ അസീസ് മൗലവി തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം കഴിഞ്ഞ മൂന്നുവർഷമായി സംഘടനയുടെ പ്രസിഡന്റാണ്.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എഴുപതാം വാർഷിക സന്ദേശ യാത്ര ഇന്ന് കൊടുങ്ങല്ലൂരിൽ ആരംഭിക്കാനിരിക്കെയാണ് വിയോഗം. ഇതേ തുടർന്ന് പരിപാടികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റിയതായി ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. ദക്ഷിണ കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എല്ലാ മദ്രസകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

​ഭാര്യ: ഹന്ന ബീവി. മക്കൾ: മുജീബ്, സാദിഖ്, അമീറാ. ഖബറടക്കം ഇന്ന് വൈകിട്ട് അസർ നിസ്കാരത്തിന് ശേഷം കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദിൽ നടക്കും.

Also read: