മാമോത്ത് എന്ന് കരുതി 70 വർഷം സൂക്ഷിച്ചു; ഒടുവിൽ ആ സത്യം തിരിച്ചറിഞ്ഞ് ശാസ്ത്രലോകം
ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി ശാസ്ത്രലോകം മാമോത്തുകളുടേതെന്ന് വിശ്വസിച്ചിരുന്ന ഫോസിലുകൾ യഥാർത്ഥത്തിൽ തിമിംഗലങ്ങളുടേതാണെന്ന് കണ്ടെത്തൽ. അലാസ്‌കയിലെ ഡോം ക്രീക്കിലെ സ്വർണ്ണഖനികളിൽ നിന്ന് 1950കളിൽ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് 70 വർഷത്തിന് ശേഷം ഗവേഷകരെ ഞെട്ടിച്ചിരിക്കുന്നത്.
തിരിച്ചറിയൽ മാറിയത് എങ്ങനെ?
കടലിൽ നിന്ന് ഏകദേശം 250 മൈൽ ഉള്ളിലായതുകൊണ്ട് തന്നെ കണ്ടെത്തിയ അസ്ഥികൾ ഹിമയുഗത്തിലെ ഭീമന്മാരായ മാമോത്തുകളുടേതാണെന്ന് അന്നത്തെ ശാസ്ത്രജ്ഞർ ഉറപ്പിച്ചു. ഇവ അലാസ്‌ക സർവകലാശാലയിലെ മ്യൂസിയത്തിൽ ഇത്രയും കാലം ഭദ്രമായി സൂക്ഷിച്ചിരുന്നു. എന്നാൽ അടുത്തിടെ മ്യൂസിയം നടപ്പിലാക്കിയ ‘അഡോപ്റ്റ് എ മാമോത്ത്’ എന്ന പദ്ധതിയിലൂടെ ഈ ഫോസിലുകളിൽ ആധുനിക പരിശോധനകൾ നടത്തിയപ്പോഴാണ് കൗതുകകരമായ സത്യം പുറത്തുവന്നത്.
റേഡിയോ കാർബൺ ഡേറ്റിംഗും ഡിഎൻഎയും ആദ്യം നടത്തിയ കാർബൺ പരിശോധനയിൽ തന്നെ അസ്ഥികൾക്ക് വെറും 2,000 വർഷത്തെ പഴക്കമേയുള്ളൂ എന്ന് വ്യക്തമായി. 13,000 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച മാമോത്തുകൾക്ക് ഇത്രയും കുറഞ്ഞ പഴക്കം ഉണ്ടാകില്ലെന്ന തിരിച്ചറിവ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് മാത്യു വൂളറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഐസോടോപ്പ്ഡിഎൻഎ പരിശോധനകളിൽ ഇവ ‘മിങ്ക് തിമിംഗലം’, ‘നോർത്ത് പസഫിക് റൈറ്റ് തിമിംഗലം’ എന്നിവയുടെ നട്ടെല്ലിലെ അസ്ഥികളാണെന്ന് സ്ഥിരീകരിച്ചു.
കടൽ ജീവികൾ എങ്ങനെ മലനിരകളിൽ എത്തി?
കടലിൽ നിന്ന് ഇത്രയേറെ ദൂരെയുള്ള കരയിൽ എങ്ങനെ തിമിംഗലങ്ങളുടെ അവശിഷ്ടങ്ങൾ എത്തി എന്ന ചോദ്യത്തിന് മുന്നിൽ ഗവേഷകർ മൂന്ന് സാധ്യതകളാണ് കാണുന്നത്:
പുരാതന കാലത്തെ നദികൾ വഴി ഇവ ഉൾനാടുകളിലേക്ക് നീന്തിയെത്തിയതാകാം.
ആദിമ മനുഷ്യർ വേട്ടയാടിയോ വ്യാപാര ആവശ്യങ്ങൾക്കോ വേണ്ടി തീരത്തുനിന്ന് അസ്ഥികൾ കൊണ്ടുവന്നതാകാം.
70 വർഷം മുമ്പ് ഫോസിലുകൾ ശേഖരിച്ചപ്പോൾ രേഖകളിൽ വന്ന പിശക് മൂലം സ്ഥലം മാറി അടയാളപ്പെടുത്തിയതാകാം.
ശാസ്ത്രീയ നിഗമനങ്ങളെ പുതിയ സാങ്കേതികവിദ്യകൾ എങ്ങനെ തിരുത്തിക്കുറിച്ചേക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ കണ്ടെത്തലെന്ന് ‘ജേണൽ ഓഫ് ക്വാട്ടേണറി സയൻസി’ൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.